breaking news New

പ്രമുഖ സ്റ്റീല്‍ നിര്‍മാണക്കമ്പനിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

സാധനങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കിയ കെട്ടിട നിര്‍മാണക്കരാറുകാരനു ലക്ഷങ്ങള്‍ നഷ്ടമായി. കോട്ടയം തോട്ടയ്ക്കാടിനു സമീപമുള്ള കെട്ടിടനിര്‍മാണക്കരാറുകാരനെ കബളിപ്പിച്ച് 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഗൂഗിളില്‍ നിന്നും തപ്പിയെടുത്ത കമ്പനിയുടെ നമ്പരില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും പണം അയക്കുകയും ചെയ്ത ആള്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. പണം അടച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഓര്‍ഡര്‍ ചെയ്ത സാധനം എത്താതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

നവംബര്‍ ആറിനാണു കരാറുകാരന്‍ പ്രമുഖ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയുടെ വിവരങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞത്. പാലക്കാട്ടെ വിലാസമാണു ലഭിച്ചത്. അതിലെ നമ്പറില്‍ വിളിച്ച് 15 ടണ്‍ കമ്പിക്കും മറ്റു സാധനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കി. ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുടെ വിലവിവരങ്ങള്‍ കമ്പനിയുടെ ലെറ്റര്‍പാഡില്‍ കരാറുകാരന്റെ നമ്പറിലേക്കു ലഭിക്കുകയും ചെയ്തു. ബില്ലിലെ ജിഎസ്ടി നമ്പര്‍ അടക്കം ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ടു കരാറുകാരന്‍ പരിശോധിപ്പിച്ച് കമ്പനി യഥാര്‍ത്ഥ കമ്പനിയാണോ എന്ന് ഉറപ്പു വരുത്തി. ഇതിനു ശേഷമാണ് കമ്പനിയുമായി കരാര്‍ ഉറപ്പിച്ചത്.

ലോഡ് എത്തിക്കുന്നതിനു മുന്നോടിയായി എട്ട് ലക്ഷം രൂപ തട്ടിപ്പുസംഘം പറഞ്ഞ പാലക്കാട്ടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി അടച്ചു. പിറ്റേന്ന് ആദ്യലോഡ് കമ്പി അയയ്ക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ തട്ടിപ്പുകാര്‍ പിറ്റേന്ന് വീണ്ടും വിളിച്ചു. 15 ടണ്‍ കമ്പി കയറ്റുന്നതിന് 25 ടണ്‍ ശേഷിയുള്ള വാഹനമാണു കമ്പനി വിടുന്നതെന്നും അതോടൊപ്പം മറ്റു നിര്‍മാണസാമഗ്രികളും അയയ്ക്കാമെന്നും പിറ്റേന്നു തട്ടിപ്പുസംഘം വിളിച്ചറിയിച്ചു. ഇതോടെ കരാറുകാരന്‍ കൂടുതല്‍ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്തു.

ഇതിനായി കരാറുകാരന്‍ രണ്ടു തവണയായി വീണ്ടും പണമയച്ചു. 19 ലക്ഷം രൂപ രണ്ടു ദിവസമായി അയച്ചു നല്‍കി. എന്നാല്‍ സാധനങ്ങള്‍ ലഭിക്കാതെ വന്നതോടെയാണു സംഭവം തട്ടിപ്പാണെന്നു കരാറുകാരനു മനസ്സിലായത്. ഉടന്‍ തന്നെ ഇദ്ദേഹം വാകത്താനം പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ ജില്ലാ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5