breaking news New

ആണവ നയത്തിലെ പരിഷ്കാരങ്ങൾക്ക് റഷ്യ അംഗീകാരം നൽകിയതോടെ യൂറോപ്പ് ആണവ യുദ്ധ ഭീഷണിയിൽ !!

ബാഹ്യ ആക്രമണമുണ്ടായാൽ പ്രതികാരമായി ആണവായുധങ്ങൾ ഉപയോഗിക്കാൻ സ്വാതന്ത്ര്യം നൽകുന്ന പരിഷ്കാരത്തിന് ചൊവ്വാഴ്ചയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അംഗീകാരം നൽകിയത്. റഷ്യയ്ക്കെതിരെ യുക്രൈൻ ആറ് ദീർഘദൂര അമേരിക്കൻ മിസൈലുകൾ തൊടുത്തുവിട്ടതിന് തൊട്ട് പിന്നാലെയായിരുന്നു റഷ്യയുടെ നീക്കം. ഇതോടെ ഏത് നിമിഷവും യുദ്ധം ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് നാറ്റോ രാജ്യങ്ങൾ. സാഹചര്യം നേരിടാൻ തയ്യാറെടുക്കണമെന്ന് വ്യക്തമാക്കി പല രാജ്യങ്ങളും പൗരൻമാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. ആണവ യുദ്ധത്തെ എങ്ങനെ നേരിടാം എന്ന് വിവരിക്കുന്നതാണ് ലഘുലേഖ.

ആണവ യുദ്ധത്തിന്റെ മുന്നറിയിപ്പുണ്ടായാൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുന്നത് സംബന്ധിച്ചാണ് സ്വീഡൻ വിതരണം ചെയ്ത ലഘുലേഖയിൽ പറയുന്നത്. ഓരോ വീടുകളിലും സ്വീഡൻ ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്. സംഘർഷ സാധ്യത തുടരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്നാണ് നോർവെ ജനങ്ങളോട് ആവശ്യപ്പെട്ടത്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണവും വെള്ളവും അടക്കമുള്ളവ കരുതണമെന്ന് ഡെൻമാർക്ക് പൗരൻമാരോട് ആവശ്യപ്പെട്ടു. ഏത് സംഭവങ്ങളേയും നേരിടാൻ സജ്ജരാകണമെന്ന് ഫിൻലാൻഡും വ്യക്തമാക്കി.

റഷ്യയ്ക്കെതിരെ തങ്ങളുടെ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയതിന് പിന്നാലെയാണ് സാഹചര്യങ്ങൾ കൂടുതൽ വഷളായത്. യുക്രൈൻ തൊടുത്ത മിസൈലുകൾ റഷ്യ നിർവീര്യമാക്കിയിരുന്നു. ഇതിന് താക്കീത് എന്ന നിലയിലാണ് റഷ്യ ആണവനയത്തിൽ തിരുത്തൽ വരുത്തിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5