തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ കാണാതായവരിൽ 2,891 പേരെ ഇതുവരെയും കണ്ടെത്താനായില്ല.
2016 മുതൽ 2026 മാർച്ച് വരെ ആകെ 1,17,733 പേരെയാണ് സംസ്ഥാനത്തുനിന്ന് കാണാതായത്. ഇതിൽ 1,14,842 പേരെ കണ്ടെത്തിയപ്പോൾ ശേഷിക്കുന്ന 2,891 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.
വിവരാവകാശ കമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടത്. കാണാതായവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. പൊലീസ് അന്വേഷണം നടത്തിയിട്ടും ഇവരിൽ പലരെയും കണ്ടെത്താനായിട്ടില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു.
നേരത്തെ വിവരാവകാശ പ്രവർത്തകൻ വിവരങ്ങൾ തേടി ക്രൈം റെക്കോർഡ്സ് ബ്യൂറോയെ സമീപിച്ചെങ്കിലും രഹസ്യവിവരമാണെന്ന കാരണം ചൂണ്ടിക്കാട്ടി വിവരങ്ങൾ നൽകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് വിവരാവകാശ കമ്മീഷനെ സമീപിക്കുകയും കമ്മീഷന്റെ ഉത്തരവിനെത്തുടർന്ന് കണക്കുകൾ പുറത്തുവിടുകയുമായിരുന്നു.
കാണാതായവരെക്കുറിച്ചുള്ള അന്വേഷണങ്ങൾ സംസ്ഥാനത്ത് നിരവധി ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 2022-ൽ പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന നരബലിക്കേസ് ഇതിന് ഉദാഹരണമാണ്. കാലടി സ്വദേശിനി റോസ്ലിൻ, കടവന്ത്ര സ്വദേശിനി പത്മം എന്നിവരുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണമാണ് കേരളത്തെ നടുക്കിയ നരബലിയുടെ ചുരുളഴിച്ചത്.
ആയുർവേദ ചികിത്സകനായ ഭഗവൽ സിംഗ്, ഭാര്യ ലൈല, ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇവരുടെ വീട്ടിൽ നടന്ന ക്രൂരമായ നരബലിയുടെ വിവരങ്ങൾ പുറത്തുവന്നതോടെ കാണാതാകുന്ന സ്ത്രീകളെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു.
എന്നാൽ 2,891 പേരുടെ തിരോധാനത്തിന് ഇനിയും ഉത്തരമില്ലെന്ന കണക്ക് സംസ്ഥാനത്തെ കാണാതാകൽ കേസുകളിലെ അന്വേഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പത്തുവർഷത്തിനിടെ കേരളത്തിൽ കാണാതായത് 1.17 ലക്ഷം പേർ ; കണ്ടെത്താനാകാതെ 2,891 പേർ ! കാണാമറയത്ത് സ്ത്രീകളും കുട്ടികളും
Advertisement
Advertisement
Advertisement