breaking news New

ലോകത്തിലെ നിലവിലുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തിയായ യുകെ സ്വദേശിനി ഈഥൽ കാറ്റർഹാം തന്റെ 117-ാം ജന്മദിനം ആഘോഷിച്ചു

ഇംഗ്ലണ്ടിലെ സറെയിലുള്ള ലൈറ്റ്‌വാട്ടർ കെയർ ഹോമിൽ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പമായിരുന്നു ആഘോഷം. 2025 ഏപ്രിലിൽ 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കനാബാരോ ലൂക്കാസ് അന്തരിച്ചതിനെ തുടർന്നാണ് ഈഥൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന വ്യക്തിയായി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്.

ടൈറ്റാനിക് ദുരന്തത്തിന് മൂന്ന് വർഷം മുൻപും റഷ്യൻ വിപ്ലവത്തിന് എട്ട് വർഷം മുൻപും ജനിച്ച ഈഥൽ, രണ്ട് ലോകമഹായുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എഡ്വേർഡ് ഏഴാമൻ രാജാവിന്റെ ഭരണകാലത്ത് ജനിച്ചവരിൽ നിലവിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും ഇവരാണ്. 2020-ൽ തന്റെ 110-ാം വയസ്സിൽ കോവിഡ്-19 പിടിപെട്ടിട്ടും അതിജീവിച്ച അപൂർവ്വം വ്യക്തികളിൽ ഒരാൾ കൂടിയാണ് ഈഥൽ.

1927-ൽ കൗമാരപ്രായത്തിൽ ഇന്ത്യയിലെത്തിയ ഈഥൽ, ബ്രിട്ടീഷ് സൈനിക കുടുംബത്തിന്റെ കെയർ ടേക്കറായി ജോലിയെടുത്തിരുന്നു. 1931-ൽ യുകെയിൽ വച്ച് ബ്രിട്ടീഷ് സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലായ നോർമനുമായി പ്രണയത്തിലാവുകയും തുടർന്ന് ഹോങ്കോംഗിലേക്ക് താമസം മാറുകയും ചെയ്തു. പിന്നീട് ബ്രിട്ടനിൽ തിരിച്ചെത്തിയ ഇവർക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. 1976-ൽ ഭർത്താവ് മരണപ്പെട്ടു. മൂന്ന് കൊച്ചുമക്കളും അഞ്ച് കൊച്ചുമക്കളുടെ മക്കളുമാണ് ഇപ്പോൾ ഇവർക്കുള്ളത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4