breaking news New

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും വെറുമൊരു ശാസ്ത്രീയ ചര്‍ച്ചാവിഷയം മാത്രമല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് : നേപ്പാളിലെ ദാരുണമായ പ്രകൃതി ദുരന്തം ഭൂമിയുടെ അതിരുകളില്ലാത്ത പരിസ്ഥിതി നാശത്തിന്റെ ആഗോള മുന്നറിയിപ്പ് !!

സാധാരണഗതിയില്‍ പെരുമഴയോ തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളോ ഇല്ലാതിരുന്നിട്ടും, അമിതമായ ചൂടുകാരണം മലഞ്ചെരിവുകളിലെ മഞ്ഞുപാളികള്‍ പെട്ടെന്ന് ഉരുകിയൊലിക്കുകയും മൂവായിരം മീറ്ററോളം താഴേക്ക് ഭീമാകാരമായ ഹിമാനി ഇടിഞ്ഞുവീഴുകയുമായിരുന്നു. മിനിറ്റുകള്‍ക്കകം വെള്ളവും പാറയും ചെളിയും കലര്‍ന്ന വന്‍ പ്രളയപ്രവാഹമായി അത് മാറി. അതിര്‍ത്തിയിലെ കൂറ്റന്‍ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും എന്തിന്, ഒരു കൂട്ടം ആനകള്‍ പോലും ഈ പ്രളയജലത്തില്‍ ഒലിച്ചുപോയി. ആളുകള്‍ക്ക് അപായസൂചന നല്‍കാന്‍ പോലും സമയം ലഭിച്ചില്ലെന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.

ഈ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 2021 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ ദുരന്തത്തെയാണ്. സമാനമായ രീതിയില്‍ ഹിമാനികള്‍ ഇടിഞ്ഞു വീണുണ്ടായ ആ പ്രളയം വലിയ ജീവഹാനിക്കും നാശത്തിനും കാരണമായിരുന്നു. നിലവില്‍ നദികളില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇനിയും വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മഞ്ഞുമലകള്‍ ഉരുകി തടാകങ്ങള്‍ രൂപപ്പെടുകയും അവ കരകവിഞ്ഞു ഒഴുകുകയും ചെയ്യുന്ന 'ഗ്ലേഷ്യര്‍ ലേക്ക് ഔട്ട്ബര്‍സ്റ്റ് ഫ്ലഡ്' (GLOF) എന്ന പ്രതിഭാസത്തിന് അപ്പുറം, ആഗോളതാപനം മൂലം മലഞ്ചെരിവുകളില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന വലിയ തോതിലുള്ള ഇടിവുകളാണ് ഇത്തരം വിനാശകരമായ അവസ്ഥ സൃഷ്ടിക്കുന്നത്.

ഹിമാലയന്‍ നിരകളെ ആശ്രയിച്ചു കഴിയുന്ന അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, ഇന്ത്യ, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്ഥാന്‍ എന്നീ എട്ട് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയ്ക്ക് ഈ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ ഈ രാജ്യങ്ങള്‍ സംയുക്തമായി ഒരു പ്രതിരോധ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഹിമാനികളുടെയും മഞ്ഞുപാളികളുടെയും സ്ഥിരമായ ഏകീകൃത നിരീക്ഷണം, പ്രാദേശിക ജനങ്ങള്‍ക്ക് നല്‍കേണ്ട ദുരന്തനിവാരണ പരിശീലനങ്ങള്‍, ശാസ്ത്രീയ വിവരങ്ങള്‍ തത്സമയം നല്‍കാനായുള്ള 'CryoHub' വിവരശേഖരണ കേന്ദ്രങ്ങള്‍, ഉപഗ്രഹ ചിത്രങ്ങളും നേരിട്ടുള്ള പരിശോധനകളും വഴിയുള്ള മലഞ്ചെരിവുകളുടെ കൃത്യമായ മാപ്പിംഗ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പ്രകൃതി അതിന്റെ ഭീകരരൂപം പ്രാപിക്കുമ്പോള്‍ സാങ്കേതിക വിദ്യകള്‍ക്ക് പോലും പരിമിതികളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

നേപ്പാളിലും ഉത്തരാഖണ്ഡിലും അരങ്ങേറിയ ഈ ഭീതിദമായ ദൃശ്യങ്ങള്‍ കേരളത്തിനും വലിയൊരു ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കുന്നത്. ഹിമാലയന്‍ നിരകളില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയാണെങ്കിലും, കേരളത്തിന്റെ ഭൂപ്രകൃതിയും അതിതീവ്ര മഴയും പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്‍പില്‍ നമ്മെ തുല്യമായി ദുര്‍ബലരാക്കുന്നു. പ്രത്യേകിച്ച് നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ നേപ്പാള്‍ ദുരന്തം ഭയത്തോടെയല്ലാതെ മലയാളിക്ക് നോക്കിക്കാണാന്‍ കഴിയില്ല. കാലപ്പഴക്കവും ഭൂകമ്പ സാധ്യതയുള്ള മേഖലയിലെ നിലനില്‍പ്പും മുല്ലപ്പെരിയാറിനെ എന്നും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

നേപ്പാളിലെ പോലെ പെട്ടെന്നൊരു പ്രകൃതിക്ഷോഭമോ മലയിടിച്ചിലോ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുണ്ടായാല്‍, താഴോട്ട് കുതിച്ചെത്തുന്ന ജലപ്രവാഹത്തെ താങ്ങാന്‍ പഴയ നിര്‍മ്മിതികള്‍ക്ക് സാധിക്കുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

അതിതീവ്ര മഴയും പശ്ചിമഘട്ട നിരകളിലെ തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകളും കേരളത്തിന്റെ ശാന്തതയെ നിരന്തരം അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ്. കടല്‍ത്തീരങ്ങളിലെ പ്രക്ഷുബ്ധതയും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നമ്മളും നേരിട്ടു അനുഭവിക്കുന്നു . നേപ്പാളിലെ പെട്ടെന്നുള്ള ഹിമപാതം നല്‍കുന്ന പാഠം ഉള്‍ക്കൊണ്ട്, കേരളവും അടിയന്തരമായി പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്.

നമ്മുടെ ഡാമുകളുടെ സുരക്ഷാ പരിശോധനകള്‍ കാലാനുസൃതമായി നടത്തുകയും, അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിലും പശ്ചിമഘട്ട മലനിരകളിലും കൃത്യമായ ഉപഗ്രഹ-ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കുക, ജനങ്ങള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുക എന്നിവ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. ശാസ്ത്രീയമായ പ്രകൃതി സംരക്ഷണവും കൃത്യമായ മുന്‍കരുതലുകളും മാത്രമാണ് വരാനിരിക്കുന്ന വലിയ വിപത്തുകളില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കാനുള്ള ഏക വഴി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4