കാപ്പി കുടിക്കുന്ന ശീലം ഹൃദയാരോഗ്യത്തിന് ഗുണകരമാകാമെന്ന് പുതിയ പഠന റിപ്പോർട്ട്.
ദിവസവും 2 മുതൽ 3 കപ്പ് വരെ കാപ്പി കുടിക്കുന്നവരിൽ ഏട്രിയൽ ഫിബ്രിലേഷൻ എന്ന ഹൃദയമിടിപ്പിലെ ക്രമക്കേട് ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ. പ്രമുഖ ശാസ്ത്ര ജേണലായ 'ഫുഡ് ആൻഡ് ന്യൂട്രിഷൻ റിസർച്ച്' പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ ചായയുടെ ഉപയോഗവും രോഗസാധ്യതയും തമ്മിൽ വ്യക്തമായ ബന്ധം കണ്ടെത്താനായിട്ടില്ല.
ലോകമെമ്പാടുമായി ഏകദേശം 3.3 കോടി ആളുകളെ ബാധിക്കുന്ന സാധാരണ ഹൃദയമിടിപ്പ് വൈകല്യമാണ് ഏട്രിയൽ ഫിബ്രിലേഷൻ. ഹൃദയത്തിന്റെ മുകളിലെ അറകളിൽ ക്രമരഹിതമായ വൈദ്യുത പ്രവർത്തനം മൂലം ഹൃദയമിടിപ്പ് താളംതെറ്റുന്ന അവസ്ഥയാണിത്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും ഈ രോഗാവസ്ഥ വർധിപ്പിക്കാം.
ചൈനയിലെ സെങ്ഷൗ സർവകലാശാല, ഫസ്റ്റ് അഫിലിയേറ്റഡ് ഹോസ്പിറ്റൽ, പീക്കിംഗ് സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. യുകെ ബയോബാങ്കിൽ നിന്നുള്ള അഞ്ച് ലക്ഷത്തിലധികം മുതിർന്നവരുടെ ആരോഗ്യവിവരങ്ങൾ വിശകലനം ചെയ്തായിരുന്നു ഗവേഷണം. ഏകദേശം 13 വർഷം നീണ്ട നിരീക്ഷണത്തിൽ 4,95,269 പേരിൽ 37,261 പേർക്ക് ഏട്രിയൽ ഫിബ്രിലേഷൻ സ്ഥിരീകരിച്ചു.
കാപ്പി കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ദിവസവും കാപ്പി കുടിക്കുന്നവരിൽ രോഗസാധ്യത 7 മുതൽ 11 ശതമാനം വരെ കുറവാണെന്നാണ് കണ്ടെത്തൽ. ദിവസവും 2–3 കപ്പ് കാപ്പി ഉപയോഗിക്കുന്നവരിലാണ് ഏറ്റവും അനുകൂലമായ ഫലം രേഖപ്പെടുത്തിയത്.
അതേസമയം, ചായയുടെ കാര്യത്തിൽ ഇത്രയും വ്യക്തമായ ഫലങ്ങൾ കണ്ടെത്താനായില്ല. ദിവസവും 2–3 കപ്പ് ചായ കുടിക്കുന്നവരിൽ രോഗസാധ്യതയിൽ ഏകദേശം അഞ്ച് ശതമാനത്തിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. മറ്റ് അളവുകളിൽ ചായ ഉപയോഗിക്കുന്നവരിൽ കാര്യമായ വ്യത്യാസവും കണ്ടെത്തിയില്ല.
എന്നാൽ കാപ്പി കുടിക്കുന്നതുകൊണ്ടുമാത്രം ഏട്രിയൽ ഫിബ്രിലേഷൻ തടയാനാകുമെന്ന് പഠനം ഉറപ്പുനൽകുന്നില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. നിരീക്ഷണാത്മക പഠനമായതിനാൽ കാപ്പി ഉപയോഗവും രോഗസാധ്യത കുറയുന്നതും തമ്മിലുള്ള ബന്ധം മാത്രമാണ് കണ്ടെത്താനായത്. കാപ്പിയുടെ അളവ്, തയ്യാറാക്കുന്ന രീതി, കഫീന്റെ അളവ് തുടങ്ങിയ ഘടകങ്ങൾ പ്രത്യേകം വിലയിരുത്താത്തതും പഠനത്തിന്റെ പരിമിതികളാണ്.
ഡീകഫീൻ ചെയ്ത കാപ്പിയും പഠനത്തിൽ ഉൾപ്പെടുത്തിയതിനാൽ കഫീൻ തന്നെയാണോ ഈ ഗുണത്തിന് പിന്നിലെന്നും വ്യക്തമല്ല. അതിനാൽ കാപ്പി ഹൃദ്രോഗ പ്രതിരോധത്തിനുള്ള ഉറപ്പായ മാർഗമാണെന്ന് നിഗമനം ചെയ്യാനാകില്ലെന്നും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ദിവസവും 2–3 കപ്പ് കാപ്പി കുടിച്ചാൽ ഹൃദയമിടിപ്പിലെ ക്രമക്കേടിന് സാധ്യത കുറയുമെന്ന് പഠനം ; ചായയുടെ കാര്യത്തിൽ വ്യക്തമായ മാറ്റമില്ല
Advertisement
Advertisement
Advertisement