breaking news New

ഗള്‍ഫിലെ മലയാളികൾക്ക് തിരുവോണ സദ്യയുടെ സമൃദ്ധിയൊരുക്കാന്‍ കേരളത്തില്‍ നിന്ന് രണ്ടരലക്ഷം വാഴയിലകളും 95,000 കിലോഗ്രാം ഓണസദ്യ വിഭവങ്ങളുമായി പ്രത്യേക ചാര്‍ട്ടേഡ് ചരക്കുവിമാനം കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പറന്നുയർന്നു ...

കെ.എന്‍.പി എക്‌സ്പോര്‍ട്ടേഴ്സിന്റെ നേതൃത്വത്തില്‍ ഇത്തിഹാദിന്റെ നാഷണല്‍ എയര്‍ കാര്‍ഗോ വിമാനത്തിലാണ് ചരിത്രത്തിലാദ്യമായി ഇത്രയും ഭീമമായ അളവില്‍ ഓണവിഭവങ്ങള്‍ തനിച്ചൊരു വിമാനത്തില്‍ വിദേശത്തേക്ക് കയറ്റി അയച്ചത്.

പഴങ്ങളും പച്ചക്കറികളും വാഴയിലയും അടങ്ങുന്ന സദ്യവട്ടങ്ങള്‍ സാധാരണയായി യാത്രാവിമാനങ്ങളുടെ കാര്‍ഗോ വിഭാഗത്തിലാണ് ഗള്‍ഫ് നാടുകളിലേക്ക് അയക്കാറുള്ളത്. എന്നാല്‍ നിലവിലെ ആഗോള യുദ്ധ സാഹചര്യങ്ങളെ തുടര്‍ന്ന് യാത്രാവിമാനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് പുതിയ വഴികള്‍ തേടാന്‍ കയറ്റുമതിക്കാരെ പ്രേരിപ്പിച്ചത്. ഒരു യാത്രാവിമാനത്തില്‍ പരമാവധി 1500 കിലോഗ്രാം ചരക്ക് മാത്രമേ കൊണ്ടുപോകാന്‍ സാധിക്കൂ എന്നതിനാല്‍, ഇത്രയും വലിയ അളവിലുള്ള വിഭവങ്ങള്‍ എത്തിക്കാന്‍ എഴുപതോളം വിമാനങ്ങള്‍ വേണ്ടിവരുമായിരുന്നു. ഓണക്കാലമായതോടെ യാത്രാവിമാനങ്ങളിലെ ചരക്കുകൂലി കിലോയ്ക്ക് 50 രൂപയായിരുന്നത് 200 രൂപ വരെയായി വര്‍ദ്ധിക്കുകയും ചെയ്തു.

തുടര്‍ന്നാണ് ചരക്കുവിമാനം തന്നെ പൂര്‍ണ്ണമായി ചാര്‍ട്ടര്‍ ചെയ്യാന്‍ സ്ഥാപന ഉടമ സൂഫിയാന്‍ കാരി തീരുമാനിച്ചത്. ചരക്കുവിമാനത്തിന് കിലോയ്ക്ക് 350 രൂപയോളം ചെലവ് വരുമെങ്കിലും യുദ്ധ പശ്ചാത്തലത്തില്‍ അബുദാബി ഭരണകൂടം പ്രഖ്യാപിച്ച 200 രൂപയുടെ സബ്സിഡി തിരിച്ചടിയൊഴിവാക്കാന്‍ സഹായകരമായി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ ചരക്കുവിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ലാത്തതിനാലാണ് വിഭവങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി അയച്ചത്.

മേട്ടുപ്പാളയം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സദ്യവട്ടത്തിനാവശ്യമായ രണ്ടരലക്ഷം വാഴയിലകള്‍ ശേഖരിച്ചത്. പാലക്കാട്, വയനാട്, വാഴക്കുളം എന്നിവയ്ക്ക് പുറമെ തമിഴ്നാട്ടിലെ തേനി, നാഗര്‍കോവില്‍, ഒട്ടന്‍ചത്രം, കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട് എന്നീ കൃഷിയിടങ്ങളില്‍നിന്ന് ഒറ്റദിവസം കൊണ്ട് നേരിട്ടു ശേഖരിച്ച പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും 14 വലിയ ട്രക്കുകളിലായാണ് കൊച്ചിയിലെത്തിച്ചത്. പ്രവാസ ലോകത്തും തനത് നാടന്‍ രുചികളോടെ തിരുവോണമൂട്ടുവാന്‍ കെ.എന്‍.പി എക്‌സ്പോര്‍ട്ടേഴ്സിന്റെ ഈ സാഹസികമായ ചുവടുവെപ്പ് വഴിയൊരുക്കിയിരിക്കുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4