breaking news New

തമിഴ്നാടിന്റെ മണ്ണിൽ മലയാളത്തനിമ കാത്തുസൂക്ഷിക്കുന്നൊരു കൊച്ചു കേരളഗ്രാമം ; മലബാറിൽ നിന്ന് മധുരയിലെത്തിയ മലയാളിയുടെ പേരിൽ പിറന്ന ‘മലയാളത്താൻപട്ടി’ : അറിയാം വിശേഷങ്ങൾ ...

മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് വെറും 12 കിലോമീറ്റർ മാത്രം അകലേക്ക് സഞ്ചരിച്ചാൽ കാഴ്ച മാറും. തമിഴ്നാടിന്റെ മണ്ണിൽ, മലയാളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യങ്ങളും ഇന്നും മായാതെ നിലനിൽക്കുന്ന ഒരു കൊച്ചു ഗ്രാമം — ‘മലയാളത്താൻപട്ടി’.
പേരിൽ മാത്രമല്ല, ജീവിതരീതിയിലും ആചാരങ്ങളിലും ഈ ഗ്രാമത്തിൽ മലയാളിത്തം നിറഞ്ഞുനിൽക്കുന്നു.

ഒന്നര നൂറ്റാണ്ടിലേറെ മുമ്പ് കേരളത്തിൽ നിന്ന് കുടിയേറിയ മലയാളികൾ തലമുറകളായി കൈമാറിപ്പോന്ന കേരളീയ പാരമ്പര്യങ്ങൾ ഇന്നും ഇവിടെ സജീവമാണ്.

തമിഴ്നാടിന്റെ അതിർത്തിക്കുള്ളിൽ നിലകൊള്ളുമ്പോഴും സംസ്കാരത്തിൽ കേരളത്തിന്റെ മണമുള്ള ഈ ഗ്രാമം, കുടിയേറ്റത്തിന്റെയും അതിജീവനത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും അപൂർവ ചരിത്രമാണ് പറയുന്നത്.

ഈ ഗ്രാമത്തിന്റെ വേരുകൾക്ക് ഏകദേശം 150 വർഷത്തെ പഴക്കമുണ്ട്. ചരിത്രം പറയുന്നത് ഇങ്ങനെയാണ്...

രാമേശ്വരം ദർശനം കഴിഞ്ഞ് മധുരയിലെത്തിയ മലപ്പുറം സ്വദേശി കേളുണ്ണി വാര്യരുടെ ജീവിതത്തിലെ ഒരു യാദൃശ്ചിക സംഭവമാണ് പിന്നീട് ഒരു ഗ്രാമത്തിന്റെ ചരിത്രമായി മാറിയത്. മധുരയിൽ വിശ്രമിക്കുന്നതിനിടെ ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് പത്രത്തിലെ ഒരു പരസ്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. മധുരയ്ക്കു സമീപം കൃഷിക്കായി ഭൂമി പാട്ടത്തിന് നൽകുന്നു എന്നതായിരുന്നു പരസ്യം.

അവസരം തിരിച്ചറിഞ്ഞ കേളുണ്ണി വാര്യർ പിന്നോട്ടില്ല. ബ്രിട്ടീഷുകാരിൽ നിന്ന് ലേലത്തിലൂടെ ഏകദേശം 150 ഏക്കർ ഭൂമി സ്വന്തമാക്കി. കാടുപിടിച്ച് കിടന്നിരുന്ന ആ ഭൂമിയെ കൃഷിയോഗ്യമാക്കുക എന്നതായിരുന്നു അടുത്ത ദൗത്യം.

ഇതിനായി തന്റെ പ്രിയസുഹൃത്തായ ശങ്കരൻ നായരെയും ഒപ്പം കൂട്ടി. ഇരുവരും ചേർന്ന് കാടുവെട്ടിത്തെളിച്ച് മണ്ണിനെ കൃഷിയോഗ്യമാക്കി. പതിയെ അവിടെ ജീവിതം വളർന്നു, കൃഷി പടർന്നു, മലയാളികളുടെ ഒരു പുതിയ ആവാസകേന്ദ്രവും രൂപപ്പെട്ടു.

തങ്ങൾ ജീവിതം പടുത്തുയർത്തിയ ആ മണ്ണിന് അവർ നൽകിയ ഓമന പേരാണ് ‘മലയാളത്താൻപട്ടി’.

കാലക്രമേണ വടക്കന്‍ മലബാറില്‍ നിന്നും ശങ്കരന്‍ നായരുടെ ബന്ധുക്കളും മറ്റ് പല മലയാളി കുടുംബങ്ങളും കൃഷിക്കായി ഇവിടെയത്തി ചേക്കേറി. വീടുകള്‍ വെച്ച് അവര്‍ അവിടെ സ്ഥിരതാമസമാക്കി. അങ്ങനെ ഒരു മലയാളി കുടിയേറ്റ ഗ്രാമമായി മലയാളത്താന്‍പട്ടി വളര്‍ന്നു. പില്‍ക്കാലത്ത് കേളുണ്ണി വാര്യരുടെ മകന്‍ മോഹനന്‍ നായര്‍ കൃഷിഭൂമിയുടെ വലിയൊരു ഭാഗം സമീപത്തുള്ള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിക്ക് കൈമാറി കേരളത്തിലേക്ക് മടങ്ങിയെങ്കിലും, തങ്ങള്‍ വിയര്‍പ്പൊഴുക്കിയ മണ്ണ് വിട്ടുപോകാന്‍ തയ്യാറാകാതിരുന്ന ശങ്കരന്‍ നായരും കുടുംബവും അവിടെത്തന്നെ തുടരുകയായിരുന്നു. ഈ ആദ്യകാല കുടിയേറ്റക്കാരുടെ പിന്‍തലമുറക്കാരാണ് ഇന്ന് അവിടെയുള്ളത്. പാലക്കാട്ടെ പട്ടാമ്പി, ചെറുപ്പുളശ്ശേരി, ചിറ്റൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇന്ന് തമിഴ്നാട് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളിലും 'മലയാളത്താന്‍പട്ടി' ഇടംപിടിച്ചു കഴിഞ്ഞു.

മധുരയില്‍ നിന്ന് മേലൂരിലേക്കുള്ള ഹൈവേയുടെ അരികിലാണ് ഈ ഗ്രാമം. വഴിയില്‍ മലയാളത്താന്‍പട്ടി എന്ന ഔദ്യോഗിക ബോര്‍ഡും അതിന് മറുവശത്ത് ആനമലയുടെ അരികിലായി അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയും കാണാം. പച്ചപ്പും കുന്നിന്‍നിരകളും അതിരിടുന്ന ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ വീടുകളുടെ നിര്‍മാണശൈലിയില്‍ തന്നെ കേരളീയതയുടെ സ്വാധീനം പ്രകടമാണ്. വളരെ ചുരുക്കം വീടുകളില്‍ മാത്രമേ തമിഴ് വാസ്തുശൈലി കാണാനുള്ളൂ. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് ഇവിടെയുള്ളവരുടെ പ്രധാന ജീവനമാര്‍ഗം. പുതിയ തലമുറയില്‍ പലര്‍ക്കും വിദേശങ്ങളിലേക്ക് ചേക്കേറാനാണ് കൂടുതല്‍ താല്പര്യം. ഒന്നുമുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള ഒരു പ്രാദേശിക സര്‍ക്കാര്‍ സ്‌കൂളും, ഗ്രാമത്തിലെ ക്ഷേത്രവും കുളവുമെല്ലാം ഇവരുടെ ഒത്തുചേരലിന്റെ കേന്ദ്രങ്ങളാണ്.

ഗ്രാമത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ 90 വയസ്സുകാരി ചെല്ലമ്മപ്പാട്ടിയാണ് ഈ നാടിന്റെ ഓര്‍മ്മച്ചെപ്പ്. പാലക്കാട്ടു നിന്ന് 21-ാം വയസ്സില്‍ വിവാഹം കഴിഞ്ഞ് മലയാളത്താന്‍പട്ടിയിലെത്തിയ ചെല്ലമ്മപ്പാട്ടി ഇന്നും തെറ്റില്ലാതെ മലയാളം സംസാരിക്കും, മനോഹരമായി പാടും. തന്റെ പഴയ ഓര്‍മ്മകളെയും ഗ്രാമത്തിലെ ഇപ്പോഴത്തെ ജീവിതത്തെയും കുറിച്ച് ചെല്ലമ്മപ്പാട്ടി പറയുന്നത് ഇങ്ങനെയാണ്...

'21-ാം വയസ്സില്‍ കല്യാണം കഴിച്ച് എന്നെ ഇവിടെ കൊണ്ടുവന്നതാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കേരളത്തില്‍ പോകാറുണ്ട്. പാലക്കാട് എനിക്ക് ബന്ധുക്കളും വീടുമൊക്കെയുണ്ട്. ഇവിടുത്തെ കുട്ടികള്‍ക്കൊക്കെ കുറെശ്ശെ മലയാളം അറിയാം. മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ കുറവാണ്. കേരളത്തിലേത് പോലെ ഇവിടെ വിഷുവിന് കണികാണും, ഓണത്തിന് സദ്യയൊരുക്കും. ഇതൊരു കുട്ടിക്കേരളമാണ്.'

ഒരുകാലത്ത് നിരവധി മലയാളി കുടുംബങ്ങള്‍ നിറഞ്ഞുനിന്നിരുന്ന ഈ ഗ്രാമത്തില്‍ ഇന്ന് 20 കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. തലമുറകള്‍ കൈമാറി വന്നതോടെ മലയാളം സംസാരിക്കുന്നവരുടെ എണ്ണം നന്നായി കുറഞ്ഞു. പുതിയ തലമുറയ്ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും അവരുടെയുള്ളില്‍ മലയാളിത്തം മായാതെ കാത്തുസൂക്ഷിക്കാന്‍ പഴയ തലമുറ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

കേരളമെന്നത് ഇവര്‍ക്ക് കേവലം മാഞ്ഞുപോയൊരു ഓര്‍മ്മയല്ല, മറിച്ച് തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെയും ആഘോഷങ്ങളുടെയും ഭാഗമാണ്. ചിങ്ങമാസത്തില്‍ മുറ്റത്ത് അത്തപ്പൂക്കളമിട്ടും ഊഞ്ഞാലിട്ടും ഓണം ആഘോഷിക്കുമ്പോള്‍, മേടമാസത്തില്‍ വിഷുക്കണിയും വിഷുക്കൈനീട്ടവും മുടങ്ങാതെ ഇവര്‍ ഒരുക്കുന്നു. കുടുംബത്തിലെ വിശേഷങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്നും പലരും കേരളത്തിലേക്ക് വരാറുണ്ട്. കുഞ്ഞുങ്ങളുടെ ചോറൂണിനും പ്രാര്‍ത്ഥനകള്‍ക്കുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നതും ഇവരുടെ മായാത്ത കേരളബന്ധത്തിന്റെ വലിയൊരു തെളിവാണ്. കാലവും തലമുറകളും മാറിയെങ്കിലും മലയാളത്താന്‍പട്ടി എന്ന ഈ കൊച്ചു തമിഴ്നാട് ഗ്രാമം തന്റെ പേരിനോടും വേരുകളോടും ഇന്നും അതിയായ സ്‌നേഹത്തോടെയും ആദരവോടെയും ചേര്‍ന്നുനില്‍ക്കുന്നു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4