മഹാരാഷ്ട്ര :
മഹാരാഷ്‌ട്രയിലെ ഡോംബിവ്‌ലി മോഥാഗാവ് പ്രദേശത്ത് ഒക്ടോബർ 9-നാണ് സംഭവം നടന്നത്. പ്രഭു കരകാടെ എന്നയാളാണ് സുഹൃത്തായ വിശാൽ കടത്തെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
സംഭവ ദിവസം രാത്രി ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ നിസ്സാര കാര്യത്തിന് വാക്കുതർക്കമുണ്ടാകുകയായിരുന്നു.
കോപാകുലനായ പ്രഭു, വിശാലിനെ മർദ്ദിക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു. വിവരമറിഞ്ഞ് പരിഭ്രാന്തനായ പ്രഭു, കെട്ടിട ഉടമയായ സന്ദേശിന്റെ സഹായം തേടി. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ചാക്കിലാക്കി രാത്രിയിൽ കായലിന് സമീപമുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. ആരും അറിയാതെ രക്ഷപ്പെട്ടെന്ന് കരുതിയെങ്കിലും അതിലും വലിയ മാനസിക വിഭ്രാന്തിയാണ് പ്രതിയെ കാത്തിരുന്നത്.
കൊലപാതകത്തിന് ശേഷമുള്ള 20 രാത്രികളിലും മരിച്ച വിശാൽ സ്വപ്നത്തിൽ വന്ന് ഭയപ്പെടുത്തിയതോടെ പ്രഭുവിന് ഉറങ്ങാൻ സാധിച്ചില്ല. നിരന്തരമായുണ്ടായ സ്വപ്നങ്ങളും കുറ്റബോധവും താങ്ങാനാകാതെ വന്നതോടെ നഗരം വിട്ടുപോകാനുള്ള പദ്ധതി ഉപേക്ഷിച്ച് പ്രതി താനെ പോലീസിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രഭു കരകാടെയെയും മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച കെട്ടിട ഉടമ സന്ദേശ് മാത്രെയെയും പോലീസ് അറസ്റ്റ് ചെയ്തു. കല്യാൺ കോടതിയിൽ ഹാജരാക്കിയ പ്രതികളെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചും കെട്ടിട ഉടമയുടെ പങ്കിനെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
മദ്യപാനത്തിനിടെ തർക്കം ; സുഹൃത്തിനെ തല്ലിക്കൊന്നു, പിന്നാലെ സ്വപ്നത്തിൽ കൊല്ലപ്പെട്ട സുഹൃത്തിന്റെ വരവ് ; ഭയം സഹിക്കാനാകാതെ ഒടുവിൽ പോലീസിന് മുന്നിൽ കീഴടങ്ങി പ്രതി !!
Advertisement
Advertisement
Advertisement