breaking news New

ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയിൽ ഇരട്ടത്താപ്പ് : ഒരേ ബ്രാൻഡിന്റെ ഒരേ ഉൽപ്പന്നത്തിന് വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും നൽകുന്ന ഗുണനിലവാരത്തിൽ വലിയ അന്തരമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു ; വിവേചനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട FSSAI കമ്പനികളുടെ താൽപര്യങ്ങൾക്കൊപ്പം

ഇന്ത്യയിൽ വിൽക്കുന്ന കിറ്റ്‌കാറ്റ് ചോക്ലേറ്റുകളിൽ കേവലം 4.5 ശതമാനം കൊക്കോ സോളിഡ് അടങ്ങിയിരിക്കുമ്പോൾ ഓസ്‌ട്രേലിയയിൽ ഇതേ ഉൽപ്പന്നത്തിൽ 22 ശതമാനം കൊക്കോ അടങ്ങിയിട്ടുണ്ട്.

വിദേശത്തുനിന്ന് എത്തുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ കൊണ്ടുവരുന്ന ചോക്ലേറ്റുകളും മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ തന്നെ നമുക്ക് ഈ അന്തരം തിരിച്ചറിയാൻ സാധിക്കും.

ഇന്ത്യയിലെ പ്രമുഖ നൂഡിൽസ് ബ്രാൻഡായ നെസ്‌ലെയുടെ മാഗിയിൽ പാം ഓയിൽ ഉപയോഗിക്കുമ്പോൾ, യുകെയിൽ വിൽക്കുന്ന മാഗി നൂഡിൽസിൽ സൂര്യകാന്തി എണ്ണ പോലുള്ള വിലകൂടിയ എണ്ണകളാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ചുവന്ന നിറത്തിലുള്ള മുന്നറിയിപ്പ് ലേബലും ബ്രിട്ടനിലെ പാക്കറ്റുകളിലുണ്ട്.

ഫാന്റയുടെ കാര്യത്തിലും സമാനമായ വ്യത്യാസമുണ്ട്. ലണ്ടനിൽ വിൽക്കുന്ന ഒരു ലിറ്റർ ഫാന്റയിൽ 330 കലോറി മാത്രമുള്ളപ്പോൾ ഇന്ത്യയിൽ അത് 560 കലോറിയാണ്. യൂറോപ്പിലേതിനേക്കാൾ മൂന്നിരട്ടി പഞ്ചസാരയാണ് ഇന്ത്യയിലെ ഫാന്റയിലുള്ളത്. യൂറോപ്പിൽ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ള കൃത്രിമ നിറങ്ങൾ ഇന്ത്യയിലെ ഉൽപ്പന്നത്തിൽ ചേർക്കുന്നുണ്ടെങ്കിലും, ഇത് ക്യാനിന്റെ പുറകിൽ തികച്ചും അപ്രാപ്യമായ ചെറിയ അക്ഷരങ്ങളിൽ മാത്രമാണ് രേഖപ്പെടുത്തുന്നത്.

ഇത്തരം വിവേചനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) കമ്പനികളുടെ താത്പര്യങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നത്. ഉൽപ്പന്ന പാക്കറ്റുകളിൽ വിവിധ നിറങ്ങളിൽ ആരോഗ്യമുന്നറിയിപ്പുകൾ നൽകേണ്ടതില്ലെന്നാണ് അതോറിറ്റിയുടെ വിചിത്രമായ നിർദേശം. ഇൻഡ്യാക്കാരുടെ ഭക്ഷണരീതിയിൽ മസാലകളും ഉപ്പും കൂടുതലാണെന്നും അതിനാൽ ഇത്തരം ലേബലുകൾ കൊണ്ട് പ്രയോജനമില്ലെന്നുമുള്ള കമ്പനികളുടെ വാദം അതോറിറ്റി അംഗീകരിക്കുകയായിരുന്നു.

യൂറോപ്പിലും ബ്രിട്ടനിലും കൃത്യമായ സുരക്ഷാ ലേബലുകൾ പാലിക്കുന്ന കൊക്കകോള, നെസ്‌ലെ തുടങ്ങിയ ആഗോള ഭീമന്മാർ ഇന്ത്യയിൽ മാത്രം ഇതിനെതിരെ രംഗത്തുവരുന്നത് വിരോധാഭാസമാണ്. പാക്കറ്റിന് മുന്നിൽ തന്നെ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവനുസരിച്ച് നിറങ്ങൾ നൽകുന്ന രീതി ലോകത്തെ 20-ഓളം രാജ്യങ്ങളിൽ നിലവിലുണ്ട്.

ഇന്ത്യയിലെ പത്ത് ലക്ഷം കോടി രൂപയുടെ പാക്കറ്റ് ഭക്ഷണ വിപണിയിൽ 80 ശതമാനം ഉൽപ്പന്നങ്ങളിലും ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടുണ്ട്. നിറങ്ങളിലുള്ള മുന്നറിയിപ്പ് നിർബന്ധമാക്കിയാൽ ഇന്ത്യയിലെ ഭൂരിഭാഗം പാക്കറ്റുകളും ചുവപ്പുനിറത്തിലാകുമെന്നാണ് കമ്പനികൾ തന്നെ സമ്മതിക്കുന്നത്. സംഭവത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണവും പൊതുജനാരോഗ്യ പ്രവർത്തകരുടെ പോരാട്ടവും തുടരുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4