breaking news New

സാധാരണ സ്ത്രീകളില്‍ ആര്‍ത്തവ വിരാമം (മെനോപസ്) സംഭവിക്കുക 45 വയസിന് ശേഷമാണ് : ഭൂരിഭാഗം സ്ത്രീകളിലും ഇത് 50 വയസിനു ശേഷമായിരിക്കും : എന്നാല്‍ 30 വയസിന് മുമ്പേ സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്ന കേസുകള്‍ ഇപ്പോള്‍ വര്‍ധിച്ചു വരുന്നതായി പുതിയ പഠനങ്ങൾ !!!

അകാലത്തില്‍ അണ്ഡാശയങ്ങളില്‍ അണ്ഡങ്ങള്‍ ഇല്ലാതായി പോകുന്നതാണ് നേരത്തേ ആര്‍ത്തവ വിരാമം സംഭവിക്കാനുള്ള കാരണം.

ഏതെങ്കിലും വന്ധ്യത നിവാരണ ക്ലിനിക്കുകളില്‍ എത്തുമ്പോഴാണ് പലരും തങ്ങള്‍ക്ക് ആര്‍ത്തവ വിരാമം സംഭവിച്ചു എന്ന് തിരിച്ചറിയുന്നത്. ആര്‍ത്തവം തെറ്റുമ്പോള്‍, ഗര്‍ഭിണിയായിരിക്കുമോ എന്ന സംശയത്തോടെയാണ് ഇവര്‍ ക്ലിനിക്കിലെത്തുക. പരിശോധനകളിലാണ് അത് അകാലത്തിലുള്ള ആര്‍ത്തവവിരാമമാണെന്ന് മനസിലാകുന്നത്. അതില്‍ പലര്‍ക്കും ഒരുവര്‍ഷം മുമ്പ് വരെ കൃത്യമായി ആര്‍ത്തവം വന്നിരുന്നവരാകാം. മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമില്ല. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉടനെ വേണ്ടെന്ന് തീരുമാനിച്ചവരും അക്കൂട്ടത്തിലുണ്ട്. ആര്‍ത്തവ ചക്രം ക്രമമില്ലാതാകുമ്പോഴും ഗര്‍ഭപരിശോധന നടത്തി പരാജയപ്പെടുമ്പോഴുമാണ് എന്തോ പ്രശ്‌നമുണ്ട് എന്ന ചിന്ത ഇവരെ അലട്ടുന്നത്.

പലപ്പോഴും വിദഗ്ധ രക്ത പരിശോധനകള്‍ നടത്തുമ്പോഴാണ് അണ്ഡാശയങ്ങള്‍ അണ്ഡങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തിയെന്നും മെനോപസിന്റെ ആദ്യഘട്ടത്തിലാണ് തങ്ങളെന്നും അവര്‍ തിരിച്ചറിയുന്നത്. ചിലര്‍ക്ക് 29 വയസ് മാത്രമേ പ്രായമുള്ളൂ. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് അവര്‍ക്ക് മനസിലായിട്ടു പോലുമുണ്ടാകില്ല. ഇങ്ങനെയുള്ളവരില്‍ വന്ധ്യത ചികിത്സത തേടുന്നവര്‍ മറ്റ് സ്ത്രീകളില്‍ നിന്നുള്ള അണ്ഡം സ്വീകരിച്ച് ഐ.വി.എഫ് വഴി ഗര്‍ഭം ധരിക്കുകയാണ് ചെയ്യുന്നത്.

യുവതികളില്‍ വളരെ നേരത്തേ തന്നെ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്നത് കൊണ്ടാണ് നേരത്തേ ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. ഇതിനെ ഒരിക്കലും സ്വാഭാവിക ആര്‍ത്തവവിരാമമായി കണക്കാക്കാനാകില്ല. സാധാരണ ഗതിയില്‍ സ്ത്രീകളില്‍ 45 വയസിന് ശേഷമാണ് അണ്ഡങ്ങളുടെ ഉല്‍പ്പാദനവും ഗുണനിലവാരവും കുറഞ്ഞു തുടങ്ങുക. എന്നാല്‍ നേരത്തേയെത്തുന്ന ആര്‍ത്തവ വിരാമത്തിന് പല കാരണങ്ങളുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ജനിതകമായ കാരണങ്ങളാണ് ഒന്ന്. റേഡിയേഷനും കീമോതെറാപ്പിയും അകാല ആര്‍ത്തവ വിരാമത്തിലേക്ക് നയിച്ചേക്കാം. അതുപോലെ ഓട്ടോ ഇമ്മ്യൂണ്‍ തകരാറുകള്‍, ജീവിത ശൈലീ മാറ്റങ്ങള്‍, മദ്യപാനം എന്നിവയും. അമ്മമാര്‍ക്ക് നേരത്തേ ആര്‍ത്തവ വിരാമം സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും മക്കള്‍ക്കും അങ്ങനെ വരാന്‍ സാധ്യതയുണ്ട്. അണ്ഡാശയത്തില്‍ അണ്ഡങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിലും ചില സ്ത്രീകളില്‍ ഇടവിട്ട് ആര്‍ത്തവം വരുന്ന കേസുകളുമുണ്ട്. ഇതും പ്രശ്‌നമാണെന്ന് ഡോക്ടർമാർ പറയുന്നു.

എ.എം.എച്ച് (ആന്റി മ്ലേരിയന്‍ ഹോര്‍മോണ്‍)എന്നറിയപ്പെടുന്ന പരിശോധന വഴി ഓവേറിയന്‍ റിസര്‍വ്(അണ്ഡാശയങ്ങളിലെ അണ്ഡങ്ങളുടെ എണ്ണം) കണ്ടെത്താന്‍ ഇക്കാലത്ത് കൃത്യമായി സാധിക്കും. അള്‍ട്രാസൗണ്ട് വഴിയും ഫോളിക്കിളുകളുടെ എണ്ണം കൃത്യമായി അറിയാന്‍ സാധിക്കും. പരിശോധനയില്‍ രോഗം കണ്ടെത്തുമ്പോള്‍, പലര്‍ക്കും ആദ്യം ഞെട്ടലാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുണ്ടാകാത്തവരാണെങ്കില്‍ അവര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും. രോഗവിവരം കണ്ടെത്തുമ്പോള്‍ എല്ലാം തകര്‍ന്ന് അവര്‍ പൊട്ടിക്കരയും. സ്വപ്നങ്ങളെല്ലാം നിമിഷ നേരംകൊണ്ട് അപഹരിക്കപ്പെട്ടതുപോലെയാണ് അവര്‍ക്ക് തോന്നുക. അങ്ങനെയുള്ളവര്‍ക്ക് ദാതാവിന്റെ അണ്ഡം വഴിയുള്ള ഐ.വി.എഫാണ് അല്‍പമെങ്കിലും ആശ്വാസം പകരുക.

ആരോഗ്യമുള്ള മറ്റൊരു സ്ത്രീയില്‍ നിന്ന് അണ്ഡമെടുത്ത്, ഭര്‍ത്താവിന്റെ ബീജവുമായി സംയോജിപ്പിച്ച് യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ഡോക്ടര്‍ വിശദീകരിച്ചു. എന്നാല്‍ മറ്റൊരു സ്ത്രീയുടെ അണ്ഡം സ്വീകരിക്കാന്‍ ചിലരെങ്കിലും മടി കാണിക്കും. അവരെ ബോധവത്കരിക്കുകയാണ് പീന്നീടുള്ള വഴി. ഐ.വി.എഫിന്റെ ചെലവ് താങ്ങാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഗര്‍ഭധാരണം സാധ്യമാവുകയുള്ളൂ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5