നിയമം സംബന്ധിച്ച വിജ്ഞാപനം 180 ദിവസം മുൻപ് തന്നെ പുറപ്പെടുവിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ഒരു മുറിയിൽ അനധികൃതമായി ഒന്നിലധികം പേരെ താമസിപ്പിക്കുന്ന ബാച്ചിലർ അക്കമഡേഷനുകൾക്ക് പുതിയ ഉത്തരവ് വലിയ തിരിച്ചടിയാകും. കൃത്യമായ പെർമിറ്റ് ഇല്ലാതെ വ്യക്തികൾക്കോ കമ്പനികൾക്കോ ഷെയേർഡ് അക്കമഡേഷൻ അനുവദിക്കാൻ അനുവാദമുണ്ടാകില്ല.
വസ്തു ഉടമകൾക്കും അംഗീകൃത ലൈസൻസുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കും മാത്രമേ വീടുകളും ഫ്ലാറ്റുകളും വാടകക്ക് നൽകാനാകൂ. നിലവിൽ വാടകക്ക് താമസിക്കുന്ന വ്യക്തികൾക്ക് അവരുടെ താമസസ്ഥലമോ അതിന്റെ ഏതെങ്കിലും ഭാഗമോ മറ്റുള്ളവർക്ക് വീണ്ടും വാടകക്ക് നൽകാൻ യാതൊരു അനുമതിയും ഉണ്ടാകില്ല.
വസ്തു ഉടമകൾക്ക് തങ്ങളുടെ കെട്ടിടങ്ങൾ നേരിട്ട് താമസക്കാർക്ക് വാടകക്ക് നൽകാം. അല്ലെങ്കിൽ ഇവ നിയന്ത്രിക്കാനും വാടകക്ക് നൽകാനുമായി ലൈസൻസുള്ള ഏജൻസികളെ ചുമതലപ്പെടുത്താം. അംഗീകൃത ലൈസൻസുള്ള ഓപറേറ്റർമാർക്ക് മാത്രമേ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് കെട്ടിടങ്ങൾ വാടകക്ക് എടുക്കാനും വിഭജിച്ച് നൽകാനും സാധിക്കൂ.
ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുക. ഒരു വർഷത്തിനുള്ളിൽ ഇതേ നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും . പരമാവധി പത്ത് ലക്ഷം ദിർഹം വരെ ഇത്തരത്തിൽ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഷെയേർഡ് അക്കമഡേഷൻ നിയന്ത്രിക്കുന്ന 2026 ലെ പുതിയ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രത്യേക പരിശോധനകളോ ഒഴിപ്പിക്കലുകളോ ഉടനടി ആരംഭിക്കില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി. പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളും ഉൾപ്പെടെ ദുബൈ എമിറേറ്റിലുടനീളം പുതിയ നിയമം ബാധകമാണ്. എന്നാൽ തൊഴിലാളികൾക്കായി പ്രത്യേകം അംഗീകരിച്ചിട്ടുള്ള കൂട്ടത്താമസ കേന്ദ്രങ്ങളെ (ലേബർ ക്യാമ്പുകൾ) ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിയമവിരുദ്ധമായ പാർട്ടിഷനുകൾ, പരിധിയിൽ കവിഞ്ഞുള്ള താമസം എന്നിവ കണ്ടെത്താനുള്ള സാധാരണ പരിശോധനകൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും പുതിയ നിയമപ്രകാരമുള്ള പ്രത്യേക പെർമിറ്റുകൾ, രജിസ്‌ട്രേഷൻ, താമസ മാനദണ്ഡങ്ങൾ എന്നിവ വിലയിരുത്തുന്ന പരിശോധനകൾ ഭരണപരമായ എല്ലാ സംവിധാനങ്ങളും പൂർത്തിയായ ശേഷമേ നടപ്പിലാക്കൂ.
നിലവിൽ പങ്കിട്ട താമസ സൗകര്യം നടത്തുന്ന വസ്തു ഉടമകൾക്കും കമ്പനികൾക്കും പുതിയ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത് കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിനായി ആഗസ്റ്റ് 26 മുതൽ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന് ഈ ഇളവുകാലാവധി ഒരു തവണ കൂടി നീട്ടിനൽകാൻ അധികാരമുണ്ട്. പങ്കിട്ട താമസത്തിനുള്ള പ്രവർത്തനാനുമതി തേടുന്നതിനുള്ള ഡിജിറ്റൽ സംവിധാനം ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
വാടക കരാറുകൾ, കെട്ടിട മാനേജ്‌മെന്റ്കരാറുകൾ, താമസക്കാരുടെ കൃത്യമായ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക “ഷെയേർഡ് അക്കമഡേഷൻ രജിസ്റ്റർ’ സംവിധാനവും സജ്ജമായി വരുന്നതേയുള്ളൂ. പുതിയ നിയമപ്രകാരം കരാറുകൾ ഈ ഔദ്യോഗിക രജിസ്റ്ററിൽ ഉൾപ്പെടുത്തിയാൽ മാത്രമേ അവക്ക് നിയമ സാധുത ലഭിക്കൂ.
താമസസ്ഥലങ്ങൾ മുറികളോ ഭാഗങ്ങളോ ആയി വിഭജിച്ച് വാടകക്ക് നൽകുന്നതിന് മുൻകൂർ ഔദ്യോഗിക അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ നിയമം ദുബൈയിൽ പ്രാബല്യത്തിലായി
Advertisement
Advertisement
Advertisement