breaking news New

ഇന്ന് ആകാശത്ത് വിസ്മയം ! പതിവിലും 30% തിളക്കത്തിൽ ‘ബീവർ മൂൺ’ ; തുടർച്ചയായ മൂന്ന് സൂപ്പർമൂണുകളിൽ ആദ്യത്തേത്

വാനനിരീക്ഷകർക്കും ആകാശക്കാഴ്ചകൾ ഇഷ്ടപ്പെടുന്നവർക്കും ആവേശമായി നവംബറിലെ പൂർണ്ണചന്ദ്രൻ അഥവാ ‘ബീവർ മൂൺ’. ഇന്ന് (നവംബർ 24) രാത്രി ആകാശത്ത് സാധാരണ പൂർണ്ണചന്ദ്രനേക്കാൾ വലുതും തിളക്കമേറിയതുമായാണ് ചന്ദ്രൻ ദൃശ്യമാകുക. തുടർച്ചയായി എത്തുന്ന മൂന്ന് സൂപ്പർമൂണുകളിൽ ആദ്യത്തേതാണ് ഇന്നത്തെ ബീവർ മൂൺ.

വർഷത്തിലെ ഏറ്റവും ചെറിയ പൂർണ്ണചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോൾ ബീവർ മൂൺ ഏകദേശം 17 ശതമാനം വലുതും 30 ശതമാനം കൂടുതൽ തിളക്കമുള്ളതുമായിരിക്കുമെന്ന് നാസയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ചന്ദ്രന്റെ ഈ അപൂർവ കാഴ്ച ആസ്വദിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല.

ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് ബീവറുകൾ തങ്ങളുടെ അണക്കെട്ടുകളും ആവാസകേന്ദ്രങ്ങളും ഒരുക്കുന്ന സമയത്താണ് ഈ പൂർണ്ണചന്ദ്രൻ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ നിന്നാണ് നവംബറിലെ പൂർണ്ണചന്ദ്രന് 'ബീവർ മൂൺ' എന്ന പേര് ലഭിച്ചത്.

ഇന്ത്യയിൽ എപ്പോൾ കാണാം?

ഇന്ത്യയിൽ ഇന്ന് വൈകുന്നേരം 4.56നും 5.01നും ഇടയിൽ വിവിധ പ്രദേശങ്ങളിൽ ചന്ദ്രോദയം പ്രതീക്ഷിക്കുന്നു. നഗരങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് സമയത്തിൽ 10 മുതൽ 15 മിനിറ്റ് വരെ വ്യത്യാസമുണ്ടാകാം. രാത്രി 8.23ഓടെ ചന്ദ്രൻ പൂർണ്ണരൂപത്തിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിക്കുന്നവർക്ക് ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളും പുരാതന ലാവാപ്രവാഹങ്ങളാൽ രൂപപ്പെട്ട ഇരുണ്ട സമതലങ്ങളായ 'ചന്ദ്രക്കടലുകളും' കൂടുതൽ വ്യക്തമായി നിരീക്ഷിക്കാം.

അടുത്ത സൂപ്പർമൂണുകൾ ഡിസംബറിലും ജനുവരിയിലും

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സ്ഥാനം (പെരിജി) കൈവരിക്കാൻ ഏകദേശം 27.5 ദിവസവും ഒരു പൂർണ്ണ ചന്ദ്രഘട്ട ചക്രം പൂർത്തിയാക്കാൻ 29.5 ദിവസവും വേണ്ടിവരുന്നു. ഈ സമയവ്യത്യാസമാണ് തുടർച്ചയായ മാസങ്ങളിൽ സൂപ്പർമൂണുകൾക്ക് സാഹചര്യമൊരുക്കുന്നത്.

ഇന്നത്തെ ബീവർ മൂണിന് പിന്നാലെ ഡിസംബർ 23ന് 'കോൾഡ് മൂൺ' പ്രത്യക്ഷപ്പെടും. 2026ലെ അവസാന പൂർണ്ണചന്ദ്രനായ ഇത് വർഷത്തിലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ സൂപ്പർമൂണായിരിക്കുമെന്നാണ് പ്രവചനം.

തുടർന്ന് 2027 ജനുവരി 22ന് 'വുൾഫ് മൂൺ' എന്ന മൂന്നാമത്തെ സൂപ്പർമൂണും ആകാശത്ത് വിസ്മയം തീർക്കും. ആകാശപ്രേമികൾക്ക് തുടർച്ചയായ മൂന്ന് മാസങ്ങളിലും ചന്ദ്രന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണിത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4