ബംഗളൂരു : വീട്ടിൽ ടെലിവിഷൻ കണ്ടുകൊണ്ടിരുന്ന ദമ്പതികൾക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി പുലിയെത്തിയത് പരിഭ്രാന്തി പരത്തി.
കർണാടകയിലെ തുമക്കൂരു ജില്ലയിലെ കുനിഗൽ താലൂക്കിലുള്ള ബന്ദിഗൗഡനപാല്യ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വീട്ടിലെത്തിയ പുലിയെ ആറുമണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി.
ചിക്കമാരിയപ്പയുടെയും ഭാര്യ നരസമ്മയുടെയും വീട്ടിലേക്കാണ് പുലി അതിക്രമിച്ച് കയറിയത്. ആദ്യം വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന ആട്ടിൻകുട്ടിയെ ആക്രമിച്ച പുലി പിന്നീട് വീടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം ദമ്പതികൾ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
പുലി വീടിനുള്ളിലേക്ക് കയറുന്നത് കണ്ട നരസമ്മ ഉടൻ പുറത്തേക്ക് ഓടി വാതിൽ അടച്ചതിനാൽ വൻ അപകടം ഒഴിവായി. ഇതിനിടെ വീടിനുള്ളിലെ കട്ടിലിനടിയിൽ പുലി ഒളിക്കുകയായിരുന്നു.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പുലിയെ സുരക്ഷിതമായി പിടികൂടുന്നതിനായി ബന്നാർഘട്ടയിൽനിന്നുള്ള അനസ്തേഷ്യ വിദഗ്ധന്റെ സഹായവും തേടി. തുടർന്നാണ് ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടിവെച്ച് പുലിയെ പിടികൂടിയത്.
കഴിഞ്ഞ ഒരു മാസത്തോളമായി പുലി ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. വീടിനുള്ളിൽ വരെ പുലി എത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. ജനവാസമേഖലകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം ഉയർത്തുന്ന സുരക്ഷാ ഭീഷണിയും സംഭവത്തോടെ വീണ്ടും ചർച്ചയാകുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ടിവി കണ്ടുകൊണ്ടിരുന്ന ദമ്പതികളുടെ വീട്ടിലേക്ക് പുലി ഇരച്ചുകയറി ; കട്ടിലിനടിയിൽ ഒളിച്ച പുലിയെ ആറുമണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ മയക്കുവെടിവെച്ച് പിടികൂടി
Advertisement
Advertisement
Advertisement