breaking news New

ബെംഗളൂരുവില്‍ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ നഴ്സായ ഭാര്യയെ ആസിഡൊഴിച്ച ശേഷം വടിവാള്‍ കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവിന്റെ ക്രൂരത !!

ബെംഗളൂരുവിലെ ജെ.പി നഗറിലുള്ള സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുന്ന കൊല്‍ക്കത്ത സ്വദേശിനി മധുമിതയ്ക്ക് (26) നേരെയാണ് ഭര്‍ത്താവ് വെങ്കടേഷ് നാടിനെ നടുക്കിയ ആക്രമണം അഴിച്ചുവിട്ടത്. തലങ്ങും വിലങ്ങും വെട്ടേല്‍ക്കുകയും ശരീരത്തില്‍ ആസിഡ് വീഴുകയും ചെയ്ത യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തമിഴ്നാട് മധുര സ്വദേശിയായ വെങ്കടേഷും മധുമിതയും 2024-ലാണ് വിവാഹിതരായത്. എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ കുടുംബതര്‍ക്കങ്ങളെയും ഭര്‍ത്താവിന്റെ സംശയരോഗത്തെയും തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. മുന്‍പ് ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന വെങ്കടേഷ്, ഭാര്യയുമായി പിണങ്ങിയ ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 9.15-ഓടെയാണ് ജെ.പി നഗര്‍ തേര്‍ഡ് ഫേസിലെ നാരായണ ക്ലിനിക്കിന് സമീപം ഈ ദാരുണ സംഭവം അരങ്ങേറുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഈ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്ന മധുമിത പ്രഭാതഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ആസിഡ് കുപ്പിയും വടിവാളും കത്തിയും കയ്യില്‍ കരുതി ബൈക്കില്‍ സംഭവസ്ഥലത്തെത്തിയ വെങ്കടേഷ് ഭാര്യയെ പിന്തുടരുകയായിരുന്നു.

ഭര്‍ത്താവ് കയ്യില്‍ മാരകായുധങ്ങളുമായി പിന്തുടരുന്നത് കണ്ട മധുമിത രക്ഷപ്പെടാനായി ആശുപത്രിയുടെ പാര്‍ക്കിംഗ് മേഖലയായ കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് ഓടിക്കയറി. എന്നാല്‍ പിന്നാലെയെത്തിയ വെങ്കടേഷ് മധുമിതയെ പിടികൂടി നിലത്തു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും, മുടിക്ക് കുത്തിപ്പിടിച്ച് വടിവാള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി തലങ്ങും വിലങ്ങും വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

മധുമിതയുടെ ഭയാനകമായ നിലവിളി കേട്ട് ക്ലിനിക്കിലെ ജീവനക്കാരും പ്രദേശവാസികളും രക്ഷപ്പെടുത്താനായി ഓടിക്കൂടിയെങ്കിലും, വെങ്കടേഷ് നാട്ടുകാര്‍ക്ക് നേരെ കത്തിവീശി ഭീഷണി മുഴക്കി. നാട്ടുകാരില്‍ ചിലര്‍ പ്രതിക്ക് നേരെ കല്ലെറിഞ്ഞ് മധുമിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ആളുകളെയും ആക്രമിക്കാന്‍ തുനിഞ്ഞതോടെ ആര്‍ക്കും അടുത്തേക്ക് ചെല്ലാന്‍ സാധിച്ചില്ല. പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു ഈ ക്രൂരകൃത്യം.

ഈ സമയം പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരാണ് ധൈര്യപൂര്‍വ്വം ഇടപെട്ടത്. പോലീസുകാര്‍ ഓടിയെത്തി വെങ്കടേഷിനെ ഓടിച്ചിട്ട് പിടികൂടുകയും കയ്യിലുണ്ടായിരുന്ന വടിവാള്‍ പിടിച്ചെടുത്ത് യുവതിയെ രക്ഷിക്കുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പോലീസുകാരനും പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ജെ.പി നഗര്‍ പോലീസ് സ്ഥലത്തെത്തി വെങ്കടേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഗുരുതരമായി പരുക്കേറ്റ മധുമിതയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ വെങ്കടേഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കുടുംബ വഴക്കും ഭാര്യയോടുള്ള അനാവശ്യ സംശയവുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമേ സംഭവത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. ആളുകള്‍ നിന്നിരുന്ന പൊതുസ്ഥലത്ത് വെച്ച് നടന്ന ഭയാനകമായ ഈ ആക്രമണം ബെംഗളൂരു നഗരത്തെ വലിയ തോതില്‍ നടുക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4