മലപ്പുറം: പകൽ മാന്യനായ വസ്ത്രവ്യാപാരി, ആഡംബര കാറിൽ യാത്ര, നാട്ടുകാരുമായി സൗഹൃദം. എന്നാൽ രാത്രിയായാൽ വേഷം മാറും. സ്കൂട്ടറിൽ കറങ്ങി പൂട്ടിക്കിടക്കുന്ന ആഡംബര വീടുകൾ ലക്ഷ്യമിട്ട് മോഷണം. 19 വർഷമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തി പോലീസിനെ വെട്ടിച്ചുനടന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിൽ.
മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയിരുന്ന തേഞ്ഞിപ്പാലം സ്വദേശി സൈനുദ്ദീനെയാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. കേരളത്തിൽ നൂറോളം മോഷണക്കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ടുകൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പകൽ ബിസിനസുകാരൻ, രാത്രി മോഷ്ടാവ്!
മഞ്ചേരിയിൽ രഹസ്യമായി താമസമുറപ്പിച്ച സൈനുദ്ദീൻ ആഡംബര വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളായിരുന്നു മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. നല്ലൊരു വീട് വാടകയ്ക്കെടുത്ത് സഹോദരിയും കുടുംബവുമൊത്താണ് താമസമെന്ന വ്യാജേന നാട്ടുകാരുടെ വിശ്വാസം നേടിയെടുത്തു. വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്നയാളാണെന്നും പരിചയപ്പെടുത്തി.
പകൽ ആഡംബര കാറിൽ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വീടുകളും പരിസരവും നിരീക്ഷിക്കും. വിദേശത്തുള്ളവർ താമസിക്കുന്നതും ദീർഘനേരം പൂട്ടിക്കിടക്കുന്നതുമായ വീടുകളായിരുന്നു പ്രധാന ലക്ഷ്യം. നാട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു.
പകൽ ആഡംബര കാറിൽ സഞ്ചരിച്ചിരുന്ന ഇയാൾ രാത്രിയിൽ സ്കൂട്ടറിലായിരുന്നു മോഷണത്തിനിറങ്ങിയിരുന്നത്. മുഖം പൂർണമായി മറച്ചും കൈകളിൽ ഗ്ലൗസ് ധരിച്ചും പ്രത്യേക ലോഹ ഉപകരണങ്ങൾ ഉപയോഗിച്ച് വീടുകളുടെ വാതിലുകൾ തുറന്ന് അകത്തുകയറും.
മോഷണത്തിന് ശേഷം തെളിവുകൾ അവശേഷിക്കാതിരിക്കാൻ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്കുകൾ പോലും കൈക്കലാക്കിയാണ് രക്ഷപ്പെട്ടിരുന്നത്. ഇതോടെ അന്വേഷണവും പൊലീസിന് വലിയ വെല്ലുവിളിയായി.
ജയിലിൽ നിന്നിറങ്ങി ജില്ല മാറി മോഷണം
പാലക്കാട് ജില്ലയിലെ മോഷണക്കേസുകളിൽപ്പെട്ട് 2024-ൽ ഇയാൾ ജയിലിൽ കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയശേഷം മലപ്പുറത്തേക്ക് താമസം മാറ്റി വീണ്ടും മോഷണം ആരംഭിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിൽ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് മഞ്ചേരി പൊലീസ് പ്രതിയെ പിടികൂടിയത്.
മോഷണപ്പണം കൊണ്ട് ഒരുകോടിയുടെ ആഡംബര വീട്?
മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന ആഡംബര വീട് നിർമ്മിക്കുന്നതായും അന്വേഷണത്തിൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകളിലും മറ്റ് ജില്ലകളിലെ മോഷണക്കേസുകളിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
19 വർഷം നീണ്ട മോഷണപരമ്പരയ്ക്കൊടുവിൽ സൈനുദ്ദീൻ പിടിയിലായതോടെ പ്രദേശവാസികൾക്കും ആശ്വാസമായിരിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പകൽ ആഡംബര കാറിൽ ബിസിനസുകാരൻ ; രാത്രി സ്കൂട്ടറിൽ കുപ്രസിദ്ധ മോഷ്ടാവ് ! 19 വർഷം ; നൂറോളം കേസുകൾ ; ഒരു കോടിയുടെ ആഡംബര വീടും മോഷണപ്പണത്തിൽ ! ഒടുവിൽ സൈനുദ്ദീൻ കുടുങ്ങി
Advertisement
Advertisement
Advertisement