breaking news New

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരമർദനം ; നാട്ടിലെത്തിയ യുവതിയുടെ പരാതിയിൽ ഭർത്താവ് വിമാനത്താവളത്തിൽ പിടിയിൽ

കൊല്ലം : സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് സൗദി അറേബ്യയിൽ വെച്ച് ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം നീണ്ടകര സ്വദേശി നന്ദുവിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുത്തൻതുറ സ്വദേശിനിയായ ഭാര്യ അഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജൂലൈ 27-നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്ചകൾ പിന്നിടും മുമ്പേ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് നന്ദുവും ഭർതൃവീട്ടുകാരും അഞ്ജുവിനെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പരാതി. പിന്നീട് സൗദിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയ നന്ദു അഞ്ജുവിനെയും അവിടേക്ക് കൊണ്ടുപോയി.

സൗദിയിലെത്തിയതോടെ പീഡനം ശാരീരിക അതിക്രമങ്ങളിലേക്ക് കടന്നതായി അഞ്ജു വെളിപ്പെടുത്തി. സംശയവും സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ചൂണ്ടിക്കാട്ടി ഭർത്താവ് ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. സെപ്റ്റംബർ 12, 19, 30 തീയതികളിലായിരുന്നു പ്രധാനമായും അതിക്രമങ്ങൾ നടന്നത്.

കുക്കർ, ലാപ്ടോപ്പ് ചാർജർ, മോപ്പ്, ബെൽറ്റ്, അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ശരീരമാസകലം മർദിച്ചതായും കത്തിയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് തോളിലും വയറിലും കുത്തിയതായും യുവതി പരാതിയിൽ പറയുന്നു. ഇടിയേറ്റ് കൈകളിൽ ഗുരുതരമായ ചതവുകളും മുറിവുകളും ഉണ്ടായി. കരഞ്ഞതിന്റെ ശബ്ദം പുറത്തുകേട്ടെന്ന് ആരോപിച്ചും വീണ്ടും മർദിച്ചിരുന്നതായി അഞ്ജു വെളിപ്പെടുത്തി.

ഒടുവിൽ പീഡനം സഹിക്കാനാകാതെ സെപ്റ്റംബർ 30-ന് സൗദിയിലെ താമസസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് അഞ്ജു നാട്ടിലെത്തി. പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി കഴിഞ്ഞ മാസം ആദ്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിക്ക് പിന്നാലെ വിദേശത്തായിരുന്ന നന്ദുവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4