ചൈന : കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ജിയാഷാൻ സ്വദേശിയായ ഷി എന്നയാളാണ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചത്. ക്ഷമാപണവും നഷ്ടപരിഹാരവുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രിലിൽ അമ്മ അപ്രതീക്ഷിതമായി മരിച്ചതിന് പിന്നാലെയാണ് ശവസംസ്കാരത്തിനുള്ള അനുയോജ്യമായ തീയതി കണ്ടെത്താൻ ഷിയും കുടുംബവും ശ്രമിച്ചത്. ആദ്യം ഒരു ഫെങ് ഷൂയി വിദഗ്ധന്റെ നിർദേശപ്രകാരം ഏപ്രിൽ 20 തിരഞ്ഞെടുത്തെങ്കിലും, അമ്മയുടെ മരണത്തിന് ശേഷമുള്ള നാലാം ദിവസമാണ് അതെന്ന കാര്യം ഷിയെ ആശങ്കപ്പെടുത്തി. ചില പ്രാദേശിക ആചാരങ്ങളിൽ ഇരട്ട സംഖ്യയിലുള്ള ദിവസങ്ങൾ ശവസംസ്കാരത്തിന് അനുയോജ്യമല്ലെന്നാണ് വിശ്വാസം.
തുടർന്ന് ഷി AI ചാറ്റ്ബോട്ടിന്റെ സഹായം തേടി. ഏപ്രിൽ 19 ശവസംസ്കാരത്തിന് അനുയോജ്യമാണെന്നും ചടങ്ങിന് മുമ്പ് കടലാസ് കുതിരകളും കടലാസ് പണവും കത്തിക്കാമെന്നും ചാറ്റ്ബോട്ട് നിർദേശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പിന്നീട് ഇതേ തീയതി ശുഭകരമല്ലെന്നും രാവിലെ ഏഴ് മുതൽ ഒമ്പത് വരെയുള്ള സമയമാണ് അനുയോജ്യമെന്നും ചാറ്റ്ബോട്ട് പരസ്പരവിരുദ്ധമായ വിവരങ്ങൾ നൽകിയതായി ഷി ആരോപിച്ചു. അപ്പോഴേക്കും ബന്ധുക്കളെ തീയതി അറിയിച്ചിരുന്നതിനാൽ മാറ്റം വരുത്താൻ കഴിഞ്ഞില്ല.
ശവസംസ്കാരത്തിന് പിന്നാലെ ഷിയുടെ ഒരു ബന്ധുവിന് ഗുരുതരമായ വാഹനാപകടത്തിൽ പരിക്കേറ്റു. അപകടത്തിന്റെ കൃത്യമായ സമയം പുറത്തുവിട്ടിട്ടില്ല. തുടർന്ന് കുടുംബത്തിലെ ചിലർ ശവസംസ്കാര തീയതി കുടുംബത്തിന്റെ ഫെങ് ഷൂയിയെ ബാധിച്ചതാണ് ദുരനുഭവത്തിന് കാരണമായതെന്ന് വിശ്വസിച്ചു. AI ചാറ്റ്ബോട്ട് നൽകിയ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ കുടുംബത്തിൽ സംഘർഷത്തിനും കാരണമായെന്ന് ഷി ആരോപിച്ചു. തുടർന്നാണ് ചാറ്റ്ബോട്ടിന്റെ ഉടമസ്ഥരായ Beijing Chuntian Zhiyun Technology-ക്കെതിരെ ഷി കേസ് നൽകിയത്. AI ഉപയോഗിച്ചുള്ള വിവരങ്ങൾ പ്രൊഫഷണൽ ഉപദേശമായി കാണരുതെന്നും റഫറൻസിനായി മാത്രമാണെന്നും കമ്പനിയുടെ സേവന നിബന്ധനകളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉപയോക്താവിന് മേൽ അമിതമായ ഉത്തരവാദിത്തം ചുമത്തുന്നതാണ് ഈ നിബന്ധനകളെന്നും മുന്നറിയിപ്പുകൾ പര്യാപ്തമല്ലെന്നും AI സൃഷ്ടിക്കുന്ന വിവരങ്ങളുടെ ഉറവിടങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടെന്നും ഷി വാദിക്കുന്നു.
കേസിലെ മറ്റൊരു കൗതുകകരമായ വശം, AI നിർദേശത്തിനെതിരെ കേസ് നൽകാൻ തയ്യാറെടുക്കുമ്പോഴും ഷി അതേ AI ചാറ്റ്ബോട്ടിന്റെ സഹായം തേടിയെന്നതാണ്. നിയമരേഖകൾ തയ്യാറാക്കാനും കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മനസ്സിലാക്കാനും ചാറ്റ്ബോട്ട് സഹായിച്ചതായി റിപ്പോർട്ടുകളുണ്ട്. കേസ് പ്രാദേശിക കോടതിയിൽ പരിഗണിച്ചുവരികയാണ്. AI നൽകിയ മറുപടി ഓൺലൈൻ നിയമലംഘനമായി കണക്കാക്കാനാകില്ലെന്നാണ് കമ്പനിയുടെ വാദം.
അമ്മയുടെ സംസ്കാര തീയതി AIയോട് ചോദിച്ചു ; പിന്നാലെ കുടുംബത്തിൽ ദുരനുഭവങ്ങൾ ; AI കമ്പനിക്കെതിരെ യുവാവിന്റെ നിയമനടപടി !!
Advertisement
Advertisement
Advertisement