ചൂര മീനുകളില്‍ വിരയുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം (സിഎംഎഫ്ആര്‍ഐ) വ്യക്തമാക്കി. അതിനാല്‍ ഇത്തരം പ്രചാരണങ്ങള്‍ കണ്ടു ഭയന്നു വ്യാജ വാര്‍ത്തകളില്‍ വീണു ചൂര മീന്‍ വാങ്ങാതിരിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൂര മീനില്‍ അടിമുടി വിരകളാണെന്ന തരത്തില്‍ വലിയ തോതിലുള്ള വ്യാജ സന്ദേശങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍, ഇത് തെക്കന്‍ ബ്രസീലിലെ ഏതോ തീരത്ത് 53 ചൂരകളില്‍ വിരകളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തയായിരുന്നു.
യാഥാര്‍ത്ഥ്യമറിയാതെ നടത്തിയ പ്രചാരണം മൂലം വലിയ തിരിച്ചടിയും സാമ്പത്തിക നഷ്ടവുമാണ് കേരളത്തിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്കു നേരിടേണ്ടി വന്നത്.
വിഷയത്തില്‍ വ്യക്തത വരുത്തുന്നതിനായി കേരളത്തിലെ വിവിധ ഫിഷ് ലാന്‍ഡിങ് സെന്ററുകളില്‍ നിന്നും പൊതുവിപണികളില്‍ നിന്നും ശേഖരിച്ച ചൂര മീന്‍ സാമ്പിളുകളില്‍ സിഎംഎഫ്ആര്‍ഐ വിശദമായ പരിശോധനകളും പഠനങ്ങളും നടത്തി. എന്നാല്‍, ഇത്തരത്തില്‍ പരിശോധിച്ച സാമ്പിളുകളില്‍ എവിടെയും മീനുകളില്‍ വിരകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.
ഏറ്റവും മികച്ച പ്രോട്ടീന്‍ സ്രോതസ്സുകളിലൊന്നായ ചൂര ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതില്‍ ശരീരത്തിന് ആവശ്യമായ ഒമേഗ-3 പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ചൂര മീന്‍ കഴിക്കുന്നത് വളരെ സഹായകരമാണ്.
‘ചൂര മീനിൽ വിര’ എന്ന പ്രചാരണം അടിസ്ഥാനരഹിതം ; സോഷ്യൽ മീഡിയയിലെ വ്യാജവാർത്തയ്ക്ക് മറുപടിയുമായി സിഎംഎഫ്ആർഐ
Advertisement
Advertisement
Advertisement