breaking news New

പ്രണയത്തില്‍ തുടങ്ങി, ഒടുവില്‍ ലൈംഗിക വൈകൃതങ്ങളുടെയും ഗാര്‍ഹിക പീഡനത്തിന്റെയും ലോകത്തേക്ക് തള്ളിവിടപ്പെട്ട ഒരു യുവതിയുടെ ക്രൂരമായ അനുഭവങ്ങള്‍ കേരളത്തെ വീണ്ടും ഞെട്ടിക്കുന്നു : യുകെയില്‍ നിന്നും എത്തിയ യുവതിയുടെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

കൊല്ലം : യുകെയില്‍ നല്ലൊരു ജോലിയും സന്തോഷകരമായ കുടുംബജീവിതവും സ്വപ്നം കണ്ടുപോയ കൊല്ലം കൊട്ടിയം സ്വദേശിനിയായ യുവതിക്കാണ് സ്വന്തം ഭര്‍ത്താവില്‍ നിന്ന് അവിശ്വസനീയമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് ലണ്ടനില്‍ ജോലിക്കായി ഇരുവരും ചേക്കേറി. തുടക്കത്തില്‍ സാധാരണ പോലെ മുന്നോട്ടുപോയ ദാമ്പത്യത്തിലേക്ക് വൈകാതെ തന്നെ ഭര്‍ത്താവിന്റെ വിചിത്രമായ പെരുമാറ്റങ്ങളും ലൈംഗിക വൈകൃതങ്ങളും വില്ലനായെത്തി. 'എനിക്ക് കാണാന്‍ വേണ്ടിയാണ്, നമ്മുടെ ഓര്‍മ്മയ്ക്കാണ്' എന്നൊക്കെ വിശ്വസിപ്പിച്ച് മൊബൈല്‍ ഫോണില്‍ ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ ഇയാള്‍ നിര്‍ബന്ധിച്ച് പകര്‍ത്തിത്തുടങ്ങി. യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴൊക്കെ സ്‌നേഹം നടിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയും ഇയാള്‍ ക്യാമറ ദൃശ്യങ്ങള്‍ പകരുന്നത് തുടര്‍ന്നു.

എന്നാല്‍ തനിക്ക് കാണാന്‍ എന്ന പേരില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇയാള്‍ പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു എന്ന് യുവതിക്ക് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. യുകെയിലെ കപ്പിള്‍ സ്വാപ്പിംഗ് ഗ്രൂപ്പുകളിലും ഇയാള്‍ സജീവമായി പങ്കെടുത്തു. ഭാര്യയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഈ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാനും, മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനും തുടങ്ങിയതോടെയാണ് കഥയിലെ ക്രൂരമായ വശം പുറത്തുവന്നത്.

ഈ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ കണ്ട വിദേശത്തുള്ള ചില മലയാളി സുഹൃത്തുക്കളാണ് ഞെട്ടിക്കുന്ന ഈ വിവരം യുവതിയെ വിളിച്ചറിയിക്കുന്നത്. സ്വന്തം ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നത് കണ്ട് തകര്‍ന്നുപോയ യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ യാതൊരു കുറ്റബോധവുമില്ലാതെ, ഇതൊക്കെ ഇവിടെ സാധാരണയാണെന്നും, ഇത് പണമുണ്ടാക്കാനുള്ള വഴിയാണെന്ന രീതിയിലായിരുന്നു ഇയാളുടെ പ്രതികരണം.

സ്വന്തം ഭാര്യയുടെ ദൃശ്യങ്ങള്‍ക്ക് പുറമേ, ഇവരുടെ നാല് വയസ്സുള്ള പെണ്‍കുഞ്ഞിന്റെ ദൃശ്യങ്ങളും ഇയാള്‍ ഇത്തരത്തില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ലൈംഗിക വൈകൃതങ്ങള്‍ക്ക് വിസമ്മതിക്കുമ്പോഴൊക്കെ കുഞ്ഞിന്റെ മുന്നില്‍ വച്ച് യുവതിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു.

ഭര്‍ത്താവിന് മാനസികമായ തകരാറാണെന്നും കൗണ്‍സിലിംഗിലൂടെ ഇയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാമെന്നും കരുതിയാണ് യുവതി ഇയാളെയും കൂട്ടി നാട്ടിലെത്തിയത്. കൊട്ടിയത്തുള്ള ഭര്‍തൃവീട്ടില്‍ എത്തിയ ശേഷം രണ്ടുദിവസം കൗണ്‍സിലിംഗിന് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ വച്ച് സ്വന്തം തെറ്റുകള്‍ പുറത്തുവരുമെന്ന് ഭയന്ന ഇയാള്‍, മൂന്നാം ദിവസം വീട്ടില്‍ വച്ച് യുവതിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. ചിത്രീകരണം തടയാന്‍ ശ്രമിച്ചതിനും കാര്യങ്ങള്‍ പുറത്തുപറയുമെന്ന് പറഞ്ഞതിനുമായിരുന്നു കുഞ്ഞിന്റെ മുന്നില്‍ വച്ചുള്ള ഈ ക്രൂര മര്‍ദനം.

മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനി സഹിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ യുവതി, യുകെയില്‍ വച്ച് ഇയാള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകളും അശ്ലീല സൈറ്റുകളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ കൃത്യമായ ഡിജിറ്റല്‍ തെളിവുകളും സഹിതം കൊട്ടിയം പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ 77, 118(1), 115(2) എന്നീ വകുപ്പുകളും ഐടി ആക്ടും ചുമത്തി കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി ഒളിവ് പോയി. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനിടെ യുവതി കോടതിയില്‍ വിവാഹമോചന ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4