ദുബൈ: ദുബൈക്കും ഷാർജക്കുമിടയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്ന വമ്പൻ റോഡ് വികസന പദ്ധതിയുമായി യുഎഇ.
അൽ ഇത്തിഹാദ് റോഡിലെ അൽ നഹ്ദ ജംഗ്ഷൻ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എട്ട് പുതിയ പാലങ്ങളും 4.5 കിലോമീറ്റർ സർവീസ് റോഡുകളും നിർമിക്കും. നാല് കിലോമീറ്ററായിരിക്കും പാലങ്ങളുടെ ആകെ നീളം.
പദ്ധതി പൂർത്തിയാകുന്നതോടെ തിരക്കേറിയ സമയങ്ങളിൽ പോലും ദുബൈ–ഷാർജ യാത്ര കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 15 മിനിറ്റ് വരെ വേണ്ടിവരുന്ന പ്രധാന പാതകളിലെ യാത്രാസമയം വെറും മൂന്ന് മിനിറ്റായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ യാത്രാസമയത്തിൽ ഏകദേശം 79 ശതമാനം കുറവുണ്ടാകും.
അൽ ഇത്തിഹാദ് റോഡിന്റെ പ്രതിദിന വാഹനശേഷി ഒരു ലക്ഷത്തിൽനിന്ന് 1.9 ലക്ഷമായി ഉയരും. 90 ശതമാനത്തിന്റെ വർധനയാണിത്. അൽ നഹ്ദ ജംഗ്ഷന്റെ ശേഷി പ്രതിദിനം 1.88 ലക്ഷത്തിൽനിന്ന് 3.10 ലക്ഷം വാഹനങ്ങളായും വർധിപ്പിക്കും.
ദുബൈയിലും ഷാർജയിലും താമസിച്ച് ജോലി ആവശ്യങ്ങൾക്കായി ദിവസവും യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് പദ്ധതി വലിയ ആശ്വാസമാകും. യാത്രാസമയം കുറയുന്നതിനൊപ്പം ഇന്ധനച്ചെലവും വാഹനങ്ങളുടെ പ്രവർത്തനച്ചെലവും ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
ടെൻഡർ നടപടികൾ ആരംഭിച്ചു
പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള ടെൻഡർ നടപടികൾ 2026 നവംബർ 19ന് ആരംഭിച്ചു. ഉയർന്ന വാഹനത്തിരക്കുള്ള ഹൈവേ പദ്ധതികൾ നടപ്പാക്കിയ പരിചയവും സാങ്കേതിക ശേഷിയുമുള്ള കരാറുകാർക്ക് അപേക്ഷിക്കാം. 2027 ജനുവരി അഞ്ചാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി.
ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് യുഎഇ ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്റെ തീരുമാനം. നിർമാണം പൂർത്തിയാകുന്ന തീയതിയും ഗതാഗത നിയന്ത്രണങ്ങളുടെ സമയക്രമവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ദുബൈ–ഷാർജ റൂട്ടിലെ നിത്യയാത്രക്കാരുടെ വർഷങ്ങളായുള്ള ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പുതിയ പദ്ധതി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ദുബൈ–ഷാർജ യാത്ര ഇനി മിനിറ്റുകൾക്കുള്ളിൽ ! ഗതാഗതക്കുരുക്കിന് പരിഹാരമായി 8 പുതിയ പാലങ്ങൾ ; യാത്രാസമയം 15 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും !!
Advertisement
Advertisement
Advertisement