ബെംഗളൂരുവിലെ ലോഡ്ജ് മുറിയിൽ മലയാളി യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. അടൂർ സ്വദേശിനിയായ ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ഗോകുൽ കൃഷ്ണ (23) യെ കോട്ടൺപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.
നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ഗംഗ ജോലി തേടിയാണ് ബെംഗളൂരുവിലെത്തിയത്. ഗംഗയും ഗോകുൽ കൃഷ്ണയും നാലുവർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. ബിഎസ്‌സി നഴ്സിംഗ് ബിരുദധാരിയായ ഗോകുൽ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് കോളേജുകളിൽ പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ കേരളത്തിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഇരുവരും നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ഗോകുൽ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഗംഗയുടെ വയറ്റിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ആക്രമണത്തിന് പിന്നാലെ പ്രതി തന്നെയാണ് ലോഡ്ജ് അധികൃതരെ വിവരം അറിയിച്ചത്. തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയും ഗുരുതരമായി പരിക്കേറ്റ ഗംഗയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ വയറ്റിലേറ്റ ആഴത്തിലുള്ള മുറിവ് മരണത്തിന് കാരണമായി.
സംഭവത്തിൽ കോട്ടൺപേട്ട് പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ ഗോകുൽ കൃഷ്ണയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം ; പത്തനംതിട്ട അടൂർ സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി ! സുഹൃത്ത് അറസ്റ്റിൽ
Advertisement
Advertisement
Advertisement