breaking news New

പ്രവാസം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം നാട്ടിൽ ചേരാനിരിക്കെ മരണം ; മലയാളി യുവാവിന് ദമാമിൽ ദാരുണാന്ത്യം !!

കൊല്ലം വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സുരേഷാണ് മരിച്ചത്. തൊഴിൽ മാറിയതിനെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള എക്സിറ്റ് രേഖകൾ ശരിയായിരുന്നെങ്കിലും, മുൻ തൊഴിലുടമ പാസ്‌പോർട്ട് തിരികെ നൽകാതെ തടഞ്ഞുവെച്ചതിനെ തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ രണ്ടു വർഷമായി ദമാമിൽ അബ്ദുൽ അസീസ് എന്ന മലയാളി വ്യവസായിയുടെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു സുരേഷ്. പിന്നീട് തൊഴിൽസ്ഥാപനം മാറിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കി എക്സിറ്റ് വിസ നേടിയിരുന്നു. എന്നാൽ മുൻ തൊഴിലുടമ പാസ്‌പോർട്ട് കൈമാറാൻ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. സുഹൃത്തുക്കൾ വഴി ബന്ധപ്പെട്ടപ്പോഴും പാസ്‌പോർട്ട് തന്റെ പക്കൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും, ചില സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് സുരേഷിനോട് ദമാമിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതായും കുടുംബം വ്യക്തമാക്കുന്നു. പ്രശ്നം പരിഹരിക്കാൻ പലതവണ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

എക്സിറ്റ് വിസയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാസ്‌പോർട്ട് ലഭിക്കാത്തത് സുരേഷിനെ കടുത്ത ആശങ്കയിലും മാനസിക സംഘർഷത്തിലുമാക്കിയിരുന്നു. ഒടുവിൽ എക്സിറ്റ് കാലാവധി അവസാനിച്ച ദിവസം കടുത്ത മാനസിക സമ്മർദ്ദത്തിനിടയിൽ സുരേഷ് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷമാണ് മുൻ തൊഴിലുടമ പാസ്‌പോർട്ട് കൈമാറിയതെന്നും കുടുംബം ആരോപിക്കുന്നു.

തുടർന്ന് ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെയും അടിയന്തര ഇടപെടലിലൂടെ സുരേഷിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുകയും ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കുകയും ചെയ്തു. ഈ ദാരുണ മരണത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യങ്ങൾ പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇന്ത്യൻ എംബസി, നോർക്ക, സംസ്ഥാന സർക്കാർ എന്നിവരുടെ പിന്തുണയോടെ നിയമപരമായ തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

കാൽനൂറ്റാണ്ടുകാലത്തെ പ്രവാസത്തിന് ശേഷം സന്തോഷത്തോടെ കുടുംബത്തിലേക്ക് തിരിച്ചെത്തേണ്ടിയിരുന്ന സുരേഷിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും ബന്ധുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4