breaking news New

ഉറക്കത്തിലായിരുന്ന 12കാരിയുമായി മോഷ്ടാവ് 230 കിലോമീറ്റർ സഞ്ചരിച്ചു ! പുലർച്ചെ തന്ത്രപരമായി രക്ഷപ്പെട്ട് പെൺകുട്ടി ; കാർ മോഷണക്കേസിൽ ദുരൂഹത

ചെന്നൈ: മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് കാറിനുള്ളിൽ ഉറങ്ങിക്കിടന്ന 12 വയസ്സുകാരിയുമായി കാർ മോഷ്ടിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്.

ചെന്നൈയ്ക്ക് സമീപം ഗുഡുവഞ്ചേരിയിൽ നിന്ന് മോഷ്ടിച്ച കാറിൽ 230 കിലോമീറ്ററോളം സഞ്ചരിച്ച പ്രതിയിൽനിന്ന് പെൺകുട്ടി പുലർച്ചെ തന്ത്രപരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ സിർകാഴിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി വല്ലഞ്ചേരിയിലെ റെസ്റ്റോറന്റിന് സമീപം കാർ നിർത്തിയിട്ടശേഷം മകളെ പിൻസീറ്റിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. തിരികെയെത്തിയപ്പോഴാണ് കാറും അതിനുള്ളിലുണ്ടായിരുന്ന മകളെയും കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ഉടൻ പോലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ഗുഡുവഞ്ചേരി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ തിങ്കളാഴ്ച പുലർച്ചെ 4.30ഓടെ പെൺകുട്ടി കാറിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരെ സമീപിച്ച കുട്ടി, തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് അറിയിച്ചതോടെ അവർ പെൺകുട്ടിയെ സുരക്ഷിതമായി വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ചു.

തുടർന്ന് പോലീസ് കുട്ടിയിൽനിന്ന് മാതാപിതാക്കളുടെ ഫോൺ നമ്പർ വാങ്ങി അവരെ വിവരമറിയിച്ചു. ഇതിനിടെ പെൺകുട്ടി രക്ഷപ്പെട്ടതോടെ പ്രതി കാറുമായി കടന്നുകളഞ്ഞെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിന്നീട് കണ്ടെത്തി അറസ്റ്റ് ചെയ്തു.

എന്നാൽ സംഭവത്തിൽ പോലീസിനെ കുഴയ്ക്കുന്നത് മറ്റൊരു ചോദ്യമാണ്. കവർച്ച മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ കാറിനുള്ളിൽ കുട്ടിയുണ്ടെന്ന് അറിഞ്ഞിട്ടും പ്രതി 230 കിലോമീറ്ററോളം യാത്ര ചെയ്തത് എന്തിനാണ്? പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

പ്രതിയുടെ ഉദ്ദേശ്യവും പശ്ചാത്തലവും കണ്ടെത്തുന്നതിനായി വിശദമായ ചോദ്യംചെയ്യൽ തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂവെന്നും പോലീസ് വ്യക്തമാക്കി.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4