breaking news New

ആറുമാസം മുൻപ് അച്ഛനെ കവർന്ന അതേ റെയിൽവേ പാളം ; ഇപ്പോൾ മകളും വിടപറഞ്ഞു ! 16-കാരിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

തിരുപ്പൂർ: ആറുമാസം മുൻപ് അച്ഛൻ ട്രെയിനിടിച്ച് മരിച്ച അതേ റെയിൽവേ പാളത്തിൽ പ്ലസ് ടു വിദ്യാർഥിനിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുപ്പൂർ ശെമ്മാണ്ടംപാളയത്ത് താമസിക്കുന്ന കാർത്തിക്–ജാനകി ദമ്പതികളുടെ ഏക മകൾ കെ. സാധനയാണ് (16) മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം.

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് മുന്നിലാണ് സാധനപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിൽ കുട്ടി ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക വിവരം. എന്നാൽ മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

അച്ഛനുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന സാധന സഹപാഠികളോട് പലപ്പോഴും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

വീട്ടിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് മകളെ സ്ഥിരമായി കൊണ്ടുപോയിരുന്നത് അച്ഛൻ കാർത്തിക്കായിരുന്നു. സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ റെയിൽവേ പാളം മകൾ സുരക്ഷിതമായി മുറിച്ചുകടന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയിരുന്നത്.

എന്നാൽ ആറുമാസം മുൻപ് മകളെ സ്കൂളിൽ വിട്ട് മടങ്ങുന്നതിനിടെയാണ് കാർത്തിക് അതേ റെയിൽവേ പാളത്തിൽ ട്രെയിനിടിച്ച് മരിച്ചത്. ഇപ്പോൾ അതേ സ്ഥലത്തുണ്ടായ മകളുടെ മരണവും കുടുംബത്തെ തകർത്തിരിക്കുകയാണ്.

പ്രദേശത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ജാനകിക്ക് ഏക മകളുടെ വിയോഗം താങ്ങാനാവാത്ത ആഘാതമായി. അച്ഛന്റെ മരണത്തിന് പിന്നാലെ കുടുംബത്തിലുണ്ടായ ഈ രണ്ടാമത്തെ ദുരന്തം ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4