breaking news New

തമിഴ്‌നാട് തേനി തേക്കാംപെട്ടി സബ് ജയിലിൽ നിന്ന് തിങ്കളാഴ്ച രാത്രി കൂട്ടത്തോടെ രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെ പൊലീസ് സാഹസികമായി പിടികൂടി

മൂന്ന് പതിറ്റാണ്ടിനിടെ തമിഴ്‌നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ ജയിൽച്ചാട്ടമാണിത്. രക്ഷപ്പെട്ടവരിൽ അഞ്ച് പേർ കൊലക്കേസ് പ്രതികളാണ്. ഒളിവിലുള്ള ബാക്കി നാല് തടവുകാർക്കായി തെരച്ചിൽ തുടരുകയാണ്.

ഇവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ തമിഴ്‌നാട്-കേരള അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും കേരള പൊലീസിന്റെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്തരയോടെ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ജയിലിൽ അരങ്ങേറിയത്. ഒരു തടവുകാരൻ അപസ്മാരം അഭിനയിച്ചതിനെത്തുടർന്ന് സെല്ലിലെത്തിയ ജയിൽ ഉദ്യോഗസ്ഥനെ തടവുകാർ പുതപ്പ് മൂടി ക്രൂരമായി മർദിക്കുകയും താക്കോൽ കവരുകയുമായിരുന്നു.

തുടർന്ന് പുറത്തെത്തിയ സംഘം മറ്റ് ജീവനക്കാരെയും ആക്രമിച്ചു. പ്രധാന ഗേറ്റിലൂടെയാണ് 17 പേരും രക്ഷപ്പെട്ടത്. തടവുകാരുടെ ആക്രമണത്തിൽ ഒരു ജയിൽ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തടവുകാരെ പിടികൂടാൻ 200-ഓളം പൊലീസുകാരെ ഉൾപ്പെടുത്തി 17 പ്രത്യേക സംഘ രൂപീകരണവും ഡ്രോൺ പരിശോധനയും നടത്തിയാണ് 13 പേരെ വലയിലാക്കിയത്.

ആദ്യം ജയിലിന് സമീപത്തെ മുൾക്കാട്ടിൽ നിന്നും പിന്നീട് നാട്ടുകാരും ഓട്ടോ ഡ്രൈവറും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും ബാക്കിയുള്ളവരെ വനമേഖലയിൽ നടത്തിയ ഡ്രോൺ പരിശോധനയിലൂടെയുമാണ് പിടികൂടിയത്. റയിൽവേ സ്റ്റേഷൻ വഴി രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായെന്ന് ജയിൽ ഡി.ജി.പി സന്ദീപ് റായ് റാത്തോഡ് സ്ഥിരീകരിച്ചു. ജയിൽച്ചാട്ട സമയത്ത് സൈറൺ പ്രവർത്തിക്കാതിരുന്നതടക്കമുള്ള വീഴ്ചകളുടെ അടിസ്ഥാനത്തിൽ 9 ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേസിൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും ശക്തമായിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4