breaking news New

നേപ്പാളിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 258 ആയി !! 910 പേരെ കാണാതായി !!

ദുരന്തബാധിത മേഖലകളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്.

റസുവാഗഢി മേഖലയിൽ നേപ്പാൾ-ചൈന അതിർത്തിക്ക് സമീപമാണ് ബോട്ടെകോശി നദിയിൽ പ്രളയം രൂക്ഷമായത്. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ചിത്വാൻ ജില്ലയിലാണ്. ഇവിടെ 108 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ധാദിങ്ങിൽ 27, നുവാകോട്ടിൽ 12, റസുവയിൽ രണ്ട്, ഗോർഖയിൽ 20, നാവൽപരാസി ഈസ്റ്റിൽ 62, തനഹുനിൽ 12, നാവൽപരാസി വെസ്റ്റിൽ 15 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ.

കാണാതായവരിൽ നേപ്പാൾ പോലീസിലെ 28 പേരും നേപ്പാൾ സൈന്യത്തിലെ 44 പേരും സായുധ പോലീസ് സേനയിലെ 13 പേരും കസ്റ്റംസ് വകുപ്പിലെ 15 പേരും ഇമിഗ്രേഷൻ വിഭാഗത്തിലെ നാല് പേരും ഉൾപ്പെടുന്നു. റസുവ ജില്ലയിൽ മാത്രം 161 പേരെ കാണാതായതായോ ബന്ധപ്പെടാനാകാത്തതായോ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ വ്യക്തമാക്കിയിട്ടുണ്ട്. നുവാകോട്ടിൽ ഒരാളെയും കാണാതായിട്ടുണ്ട്. 517 വിദേശ പൗരന്മാരും 127 പ്രവാസി നേപ്പാളി പൗരന്മാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 73 പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു.

അതിനിടെ, പ്രളയത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികളും ശക്തമാക്കി. കൈലാസ് മാനസരോവർ തീർഥാടനത്തിനായി നേപ്പാളിലെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ കാഠ്മണ്ഡുവിലേക്ക് എത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

ചൈനീസ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന ഏകദേശം 200 ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി സഹായം തേടിയിട്ടുണ്ട്. ഇവരിൽ 95 പേർ ദാർചാനിൽ നിന്ന് ബൈഷയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നാല് പേർ ഗീലോങ് നഗരത്തിലും 13 പേർ സുതുൽപുക്കിലുമാണുള്ളത്. ഇവർ സാഗയിലേക്ക് നീങ്ങുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, നേപ്പാളിൽ 288 ഇന്ത്യക്കാരുമായി ഇപ്പോഴും ബന്ധപ്പെടാനായിട്ടില്ല. ദുരന്തബാധിത മേഖലകളിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തകരാറിലായതാണ് പ്രധാന വെല്ലുവിളി. ത്രിശൂലി-1 വൈദ്യുത പദ്ധതിയിൽ ജോലി ചെയ്യുന്ന 73 ഇന്ത്യക്കാരും കാണാതായവരുടെ പട്ടികയിലുണ്ട്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പദ്ധതിയുടെ മേധാവിയുമായി ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

വിവിധ സംഘങ്ങളിലായി തമിഴ്നാട്ടിൽ നിന്നുള്ള 49 പേരും പശ്ചിമ ബംഗാളിൽ നിന്നുള്ള 32 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 61 പേരും കേരളത്തിൽ നിന്നുള്ള 33 പേരും ബന്ധപ്പെടാനാകാത്തവരുടെ പട്ടികയിലുണ്ട്. ഇവരിൽ ചിലർ കൈലാസ് മാനസരോവർ തീർഥാടകരാണ്. ദുരന്തബാധിത ഇന്ത്യക്കാരെ സഹായിക്കുന്നതിനും ബന്ധപ്പെടുന്നതിനുമായി വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

നേപ്പാളിൽ രക്ഷാപ്രവർത്തകർ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാഠ്മണ്ഡുവിലെയും ബെയ്ജിങ്ങിലെയും ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങൾ പ്രാദേശിക അധികാരികളുമായി ഏകോപിച്ച് ഇന്ത്യക്കാരെ കണ്ടെത്താനും രക്ഷപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4