കൊച്ചി :
ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നിർണായക ഉത്തരവ്. സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുക എന്ന പേരിൽ സ്ത്രീകളെ ഒരു പ്രത്യേക തൊഴിൽ മേഖലയിൽ നിന്ന് പൂർണ്ണമായി വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടല്ല സർക്കാർ ഉത്തരവാദിത്തം നിറവേറ്റേണ്ടത്. മറിച്ച് ചൂഷണങ്ങളിൽ നിന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്നും അവർക്ക് ആവശ്യമായ സംരക്ഷണം നൽകുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശിനി സോഫി (47) സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ചരിത്രപരമായ ഇടപെടൽ. കള്ള് ഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനത്തിലൂടെ ജോലി ആവശ്യപ്പെട്ടാണ് സോഫി കോടതിയെ സമീപിച്ചത്.
സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ പീഡനവും ചൂഷണവും നേരിടേണ്ടി വരുന്നുണ്ടെന്നും അവരെ സംരക്ഷിക്കാനാണ് ഈ നിരോധനമെന്നുമായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ പ്ലീഡറുടെ വാദം. എന്നാൽ, ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതിന് പകരം തൊഴിലിടങ്ങളിൽ തുല്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച് ഹൈക്കോടതി ഓർമ്മിപ്പിച്ചു. മുമ്പ് വിദേശമദ്യ ഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് തടഞ്ഞ വ്യവസ്ഥയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കള്ളുഷാപ്പുകളിൽ മാത്രം സ്ത്രീകൾക്ക് തൊഴിൽ വിലക്ക് ഏർപ്പെടുത്തുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നത് തടയുന്ന കേരള അബ്കാരി ഷാപ്‌സ് ഡിസ്‌പോസൽ റൂൾസിലെ വകുപ്പ് 7(37) കേരള ഹൈക്കോടതി റദ്ദാക്കി
Advertisement
Advertisement
Advertisement