breaking news New

ഓണക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി

പ്രധാന അതിർത്തി ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂർ നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തിയതായി ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ആര്യങ്കാവ്, കുമളി, വാളയാർ, മീനാക്ഷിപുരം, കാറാളി എന്നീ അഞ്ച് പ്രധാന പ്രവേശന കവാടങ്ങളിലാണ് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം വിന്യസിച്ചിരിക്കുന്നത്. ഓണക്കാലത്ത് കേരളത്തിലേക്ക് വൻതോതിൽ എത്തുന്ന പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യഎണ്ണകൾ, ശർക്കര എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിലെ വിദഗ്ധരും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്ന വാഹനങ്ങൾ പരിശോധിച്ച് വിവിധ ഉൽപ്പന്നങ്ങളുടെ തത്സമയ പരിശോധനയും നടത്തുന്നുണ്ട്. സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന ‘സേഫ് ഓണം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അതിർത്തികളിലെ നിരീക്ഷണം ശക്തമാക്കിയത്.

ഓണക്കാലത്തെ ഓൺലൈൻ വിപണനവും സജീവമായ സാഹചര്യത്തിൽ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഗോഡൗണുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വ്യാപിപ്പിച്ചു. ഫ്ലിപ്കാർട്ട്, ബിഗ് ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ ഡാർക്ക് സ്റ്റോറുകളിലാണ് പ്രത്യേക പരിശോധന നടത്തിയത്. ഓണം സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വിവിധ ഡാർക്ക് സ്റ്റോറുകളിലായി ഇതിനകം 80 പരിശോധനകൾ പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു.

ഈ കേന്ദ്രങ്ങളിൽ നിന്ന് നെയ്യ്, ശർക്കര, പായസം മിക്സ്, വെളിച്ചെണ്ണ എന്നിവയുൾപ്പെടെ ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നുണ്ടോയെന്നും നിർദേശിച്ച സംഭരണ താപനില പാലിക്കുന്നുണ്ടോയെന്നും പാക്കറ്റുകളിലെ ലേബലിംഗ് വിവരങ്ങൾ കൃത്യമാണോയെന്നും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായ രീതിയിൽ സംഭരിക്കുന്നുണ്ടോയെന്നുമടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വിലയിരുത്തും.

ഓണക്കാലത്ത് കൂടുതൽ ആളുകൾ ഭക്ഷ്യവസ്തുക്കൾ ഓൺലൈനായി വാങ്ങുന്ന സാഹചര്യത്തിലാണ് പരിശോധന ഓൺലൈൻ വിതരണ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചതെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

പരിശോധനയിൽ നിയമലംഘനങ്ങളോ മറ്റ് ക്രമക്കേടുകളോ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4