ദുബായ്: കാരണമില്ലാതെ തുടർച്ചയായി അഞ്ച് ദിവസം ക്ലാസിൽ ഹാജരാകാത്ത വിദ്യാർത്ഥികളുടെ വിവരം വിദ്യാഭ്യാസ അതോറിറ്റിയെ അറിയിക്കണമെന്ന് ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് നിർദേശം.
ഒരു ടേമിലെ ആകെ പ്രവൃത്തിദിനങ്ങളുടെ 10 ശതമാനം വിശദീകരണമില്ലാതെ അവധിയെടുത്താലും റിപ്പോർട്ട് നൽകണം. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) പുറത്തിറക്കിയ പുതിയ സുരക്ഷാ നയത്തിലാണ് നിർണായക വ്യവസ്ഥകൾ.
'സേഫ്ഗാർഡിങ് ആൻഡ് ലേണർ പ്രൊട്ടക്ഷൻ' നയത്തിന്റെ ഭാഗമായി സ്കൂളുകൾ ഹാജർ രേഖകൾ കൃത്യമായി സൂക്ഷിക്കുകയും ആവർത്തിച്ചുള്ള അനധികൃത അവധികളുടെ കാരണം അന്വേഷിക്കുകയും വേണം. കുട്ടികളുടെ സുരക്ഷയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെങ്കിൽ നിശ്ചിത അവധി പരിധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ സ്കൂളുകൾ ഇടപെടണം.
18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളുടെ ഹാജർ സംബന്ധിച്ച കാര്യങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യണം. എന്നാൽ 18 വയസ്സും അതിനുമുകളിലും പ്രായമുള്ള വിദ്യാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടാനാണ് നിർദേശം. അവരുടെ സമ്മതത്തോടെയോ അടിയന്തര സുരക്ഷാ സാഹചര്യമുണ്ടാകുമ്പോഴോ മാത്രമേ കുടുംബാംഗങ്ങളെ വിവരമറിയിക്കാവൂ.
നഴ്സറികൾക്കും പ്രീ-സ്കൂളുകൾക്കും കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുള്ള ദിവസങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഹാജർ കണക്കാക്കുക. സർവകലാശാലകൾക്കും തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾക്കും ഈ അഞ്ച് ദിവസ, പത്ത് ശതമാനം പരിധി ബാധകമല്ല. ഇവയ്ക്ക് പഠനരീതിക്കനുസരിച്ച് പ്രത്യേക ഹാജർ നയം തയ്യാറാക്കാം.
വിദ്യാർത്ഥികളെ സ്കൂൾ സമയത്ത് കാണാതായാൽ ഉടൻ നടപടിയെടുക്കുന്നതിനുള്ള പ്രത്യേക മാർഗരേഖയും സ്ഥാപനങ്ങൾ തയ്യാറാക്കണം. മോക്ക് ഡ്രില്ലുകൾ ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധനകൾ നടത്തി സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുകയും വേണം.
ബോർഡിംഗ് സ്കൂളുകളിൽ റസിഡൻഷ്യൽ സേഫ്ഗാർഡിങ് ലീഡിനെയും ഡെപ്യൂട്ടിയെയും നിയമിക്കണം. നിലവിലുള്ള ജീവനക്കാർ മൂന്ന് മാസത്തിനുള്ളിൽ ലെവൽ 2 സുരക്ഷാ പരിശീലനവും പൂർത്തിയാക്കണം. പുതിയ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ദുബായിൽ വിദ്യാർത്ഥികളുടെ ഹാജറിൽ കടുത്ത നിയന്ത്രണം ; തുടർച്ചയായി 5 ദിവസം കാരണമില്ലാതെ ക്ലാസിൽ എത്തിയില്ലെങ്കിൽ സ്കൂളുകൾ അധികൃതരെ അറിയിക്കണം
Advertisement
Advertisement
Advertisement