breaking news New

വ്യാജ വിഷമദ്യം ജീവനെടുത്തത് 17 പേരുടെ ; 200 പേർ ഗുരുതരാവസ്ഥയിൽ : മണിപ്പൂരിൽ വൻ ദുരന്തം

ഇംഫാൽ: വ്യാജ വിഷമദ്യം കഴിച്ചതിനെത്തുടർന്ന് മണിപ്പൂരിൽ 17 പേർക്ക് ദാരുണാന്ത്യം. 200 ഓളം പേരെ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ഇംഫാലിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെയുള്ള ചന്ദേൽ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് വിഷമദ്യ ദുരന്തം റിപ്പോർട്ട് ചെയ്തത്. വിഷമദ്യം കഴിച്ചവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ആശുപത്രികളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് മരണവിവരങ്ങൾ പുറത്തുവിട്ടത്. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയ മുഖ്യമന്ത്രി സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ഗുരുതരാവസ്ഥയിലുള്ളവരെ ലാംഫെൽപാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചക്പികരോങ് മേഖലയിൽ നിന്ന് മദ്യം കഴിച്ചവർ അടിയന്തരമായി ചികിത്സ തേടണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതിനൊപ്പം ജനറൽ മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തെയും ആവശ്യമായ മരുന്നുകളെയും ചന്ദേലിലേക്ക് അയച്ചു.

ചന്ദേലിന് സമീപമുള്ള കാക്ചിംഗ് ജില്ലയിലെ സുഗ്‌നുവിൽ നിന്നാണ് വിഷമദ്യം എത്തിച്ചതെന്നാണ് ചന്ദേൽ പോലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ. സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷമദ്യം വിതച്ച ദുരന്തത്തിൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെടാതിരിക്കാനുള്ള അടിയന്തര ഇടപെടലുകളുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും രംഗത്തുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4