കരിപ്പൂരില്‍ നിന്ന് വൈകിട്ട് 6.40 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. കൃത്യമായ കാരണം വ്യക്തമാക്കാതെ സര്‍വീസ് ഉപേക്ഷിച്ചതില്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. കഴിഞ്ഞ ദിവസവും ഇതേ സമയത്തുള്ള സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയിരുന്നു.
മണിക്കൂറുകളോളം വൈകുന്ന സര്‍വീസുകളും ലഗേജ് നല്‍കുന്നതിലെ വീഴ്ചകളും കാരണം സ്‌പൈസ് ജെറ്റ് യാത്രക്കാരുടെ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 18) വൈകിട്ട് 3.40-ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ദുബൈ സ്‌പൈസ് ജെറ്റ് സ്‌പൈസ് ജെറ്റ് വിമാനം (എസ് ജി 5117) 17 മണിക്കൂറിലധികം വൈകിയിട്ടും യാത്ര തിരിക്കാനായില്ല. ഓരോ മൂന്നു മണിക്കൂറിലും സമയം നീട്ടി നല്‍കിയ അധികൃതര്‍ ഒടുവില്‍ പുലര്‍ച്ചെ 3.45-ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് പുലര്‍ച്ചെ 3.25-ന് യാത്രക്കാര്‍ ബോര്‍ഡിംഗ് പൂര്‍ത്തിയാക്കി വിമാനത്തിനുള്ളില്‍ പ്രവേശിച്ചെങ്കിലും, ടേക്ക് ഓഫിന് 1 മണിക്കൂര്‍ 45 മിനിറ്റ് കൂടി കാലതാമസമുണ്ടെന്ന് ക്യാപ്റ്റന്‍ പ്രഖ്യാപിക്കുകയായിരുന്നു.
വിമാനത്തിനുള്ളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. സ്‌പൈസ് ജെറ്റിന്റെ ഈ ഉത്തരവാദിത്തമില്ലായ്മയ്ക്കെതിരെ സിവില്‍ ഏവിയേഷനിലും ഡിജിസിഎക്കും (DGCA) പരാതി നല്‍കാനൊരുങ്ങുകയാണ് യാത്രക്കാര്‍.
കൊച്ചി നെടുമ്പാശ്ശേരിയില്‍ ഇന്നലെ രാത്രി 12.25-ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ദുബൈ സ്‌പൈസ് ജെറ്റ് വിമാനവും സമാന രീതിയില്‍ പത്തോളം തവണയാണ് സമയം പുനഃക്രമീകരിച്ചത്. ചെറിയ കുട്ടികളും വയോധികരും ഉള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് തന്നെ വിസ കാലാവധി അവസാനിക്കുന്നവരും, ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് യുഎഇയില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലുള്ളവരുമായ നിരവധി പ്രവാസികള്‍ ഇക്കൂട്ടത്തിലുണ്ട്. യാതൊരുവിധ മുന്‍കൂട്ടി വിവരവും നല്‍കാതെയും, കൗണ്ടറുകളില്‍ സഹായത്തിന് ആളില്ലാതെയും സ്‌പൈസ് ജെറ്റ് അധികൃതര്‍ തങ്ങളെ വലയ്ക്കുകയാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിലും മുന്‍പത്തെ ദിവസങ്ങളില്‍ സ്‌പൈസ് ജെറ്റ് മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറോളം വരുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കും സമയം മാറ്റി നല്‍കിയ ശേഷമാണ് വിമാനം പൂര്‍ണ്ണമായും റദ്ദാക്കിയെന്നും ടിക്കറ്റ് തുക തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചത്.
ലഗേജുകള്‍ വൈകുന്നതാണ് സ്‌പൈസ് ജെറ്റിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. ഓഗസ്റ്റ് 13-ന് ദുബായില്‍ നിന്ന് കോഴിക്കോട്ടെത്തിയ എസ്ജി 5153 (SG 5153) വിമാനത്തിലെ യാത്രക്കാര്‍ക്ക് അഞ്ച് ദിവസം പിന്നിട്ടിട്ടും ലഗേജുകള്‍ തിരികെ ലഭിച്ചിട്ടില്ല. ഉച്ചയ്ക്ക് 12-ന് പുറപ്പെടേണ്ട വിമാനം ആറ് മണിക്കൂര്‍ വൈകി വൈകിട്ട് 6.20-നാണ് അന്ന് പുറപ്പെട്ടത്. മോശം കാലാവസ്ഥ കാരണം വിമാനത്തില്‍ കൂടുതല്‍ ഇന്ധനം നിറയ്ക്കേണ്ടി വന്നതിനാലാണ് യാത്രക്കാരുടെ ലഗേജുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ദുബായ് വിമാനത്താവളത്തില്‍ തന്നെ ഇറക്കിവെച്ചതെന്നാണ് സ്‌പൈസ് ജെറ്റ് നല്‍കുന്ന വിശദീകരണം. രണ്ട് ദിവസത്തിനകം ലഗേജ് വീട്ടിലെത്തിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ലെന്നും കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ ബന്ധപ്പെട്ടിട്ട് പ്രതികരണമില്ലെന്നും പ്രവാസികള്‍ പരാതിപ്പെടുന്നു.
കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകേണ്ടിയിരുന്ന അലയന്‍സ് എയര്‍ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് അമ്പതോളം വിനോദസഞ്ചാരികള്‍ ദ്വീപില്‍ കുടുങ്ങിക്കിടക്കുകയാണ്. അടിയന്തര സാഹചര്യങ്ങളില്‍ പോലും പകരം താമസമോ ഭക്ഷണമോ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
അതിനിടെ, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.15 ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനവും റദ്ദാക്കി. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ പിന്നീട് വിവിധ ഹോട്ടലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
വിമാനക്കമ്പനികളുടെ തുടര്‍ച്ചയായ ഈ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നു.
റദ്ദാക്കലും വൈകിക്കലും പതിവാക്കി സ്‌പൈസ് ജെറ്റ് ; യാത്രക്കാരുടെ വന്‍ പ്രതിഷേധം ; സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി !!
Advertisement
Advertisement
Advertisement