ഉത്തർപ്രദേശിലെ ബാഗ്പതിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു.
സംഭവത്തിൽ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ ജോലി ചെയ്യുന്ന 26കാരനായ സൗരഭ് തോമറിന് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.
ഗോപാൽപുർ ഗ്രാമത്തിലെ ഖദാന സ്വദേശിയായ സൗരഭും കുടുംബാംഗങ്ങളും വീടിന് മുന്നിൽ പടക്കം പൊട്ടിക്കുന്നതിനിടെ അയൽവാസികളായ ധീരജ്, മോനു എന്നീ സഹോദരന്മാർ എതിർപ്പുമായി എത്തുകയായിരുന്നു. തുടർന്ന് സൗരഭിന്റെ സഹോദരൻ വിനീതുമായി ഇവർ വാക്കുതർക്കത്തിലേർപ്പെട്ടു.
തർക്കം രൂക്ഷമായതോടെ ധീരജ് കൈവശമുണ്ടായിരുന്ന നാടൻ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട സമീപത്തെ ചുമരിൽ തട്ടി തെറിച്ച് സൗരഭിന്റെ തലയിൽ പതിക്കുകയായിരുന്നു. പിന്നാലെ പ്രതികൾ വിനീതിനെ മർദിക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സൗരഭിനെ ഉടൻ മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിയുടെ പിൻഭാഗത്തുകൂടി തലയോട്ടിയിൽ തുളച്ചുകയറിയ വെടിയുണ്ട അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എന്നാൽ യുവജവാന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഏഴ് വർഷമായി രാഷ്ട്രപതി ഭവനിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു സൗരഭ്. ദീപാവലി ആഘോഷിക്കാൻ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. രണ്ട് വർഷം മുമ്പ് വിവാഹിതനായ സൗരഭിന് ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
പ്രതികൾക്ക് കുടുംബത്തോട് നേരത്തേയും ശത്രുതയുണ്ടായിരുന്നുവെന്നും അതിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായതെന്നും സൗരഭിന്റെ പിതാവ് ജനക്രാജ് ആരോപിച്ചു.
സംഭവത്തിൽ ധീരജ്, മോനു എന്നിവർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി സർകിൾ ഓഫീസർ അൻഷു ജെയിൻ അറിയിച്ചു. പ്രദേശത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ് ; രാഷ്ട്രപതിയുടെ അംഗരക്ഷകനായ 26കാരന് ഗുരുതര പരിക്ക് ; നില അതീവ ഗുരുതരം !!
Advertisement
Advertisement
Advertisement