ഷാർജ : സെപ്റ്റംബർ 24-ന് വൈകുന്നേരം വാഹനം മോഷ്ടിക്കപ്പെട്ടതായി വിദേശ വനിത നൽകിയ പരാതിയിലാണ് ഷാർജ പോലീസ് മിന്നൽ നടപടിയുമായി രംഗത്തിറങ്ങിയത്.
ഷാർജ പോലീസ് ഓപ്പറേഷൻസ് സെന്ററിൽ വിവരം ലഭിച്ച ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങളും ആധുനിക സാങ്കേതികവിദ്യകളും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ആരംഭിക്കുകയായിരുന്നു. വെറും രണ്ട് മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ കണ്ടെത്തുകയും കസ്റ്റഡിയിലെടുത്ത് വാഹനം ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു.
ചെറിയ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ പോലും കാറിന്റെ എഞ്ചിൻ ഓഫ് ചെയ്യാതെ പോകുന്നതും വാഹനം ലോക്ക് ചെയ്യാതിരിക്കുന്നതും അവസരം കാത്തുനിൽക്കുന്ന മോഷ്ടാക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. എടിഎമ്മുകൾ, കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിമിഷനേരത്തേക്ക് വാഹനം നിർത്തുകയാണെങ്കിൽ പോലും എഞ്ചിൻ പൂർണ്ണമായും ഓഫാക്കി വാതിലുകൾ ലോക്ക് ചെയ്യാൻ വാഹന ഉടമകൾ ശ്രദ്ധിക്കണം.
എഞ്ചിൻ ഓഫാക്കാതെ വാഹനം റോഡിലോ പൊതുസ്ഥലങ്ങളിലോ ഉപേക്ഷിച്ചു പോകുന്നത് യുഎഇ ഗതാഗത നിയമപ്രകാരം വലിയ തുക പിഴ ലഭിക്കാവുന്ന ഗുരുതരമായ നിയമലംഘനമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കൂടാതെ വാഹനത്തിനുള്ളിൽ വിലപിടിപ്പുള്ള വസ്തുക്കളോ പണമോ സുരക്ഷിതമല്ലാതെ വെച്ചു പോകരുത്.
അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി 999 എന്ന നമ്പറിലും, മറ്റ് അന്വേഷണങ്ങൾക്കും അടിയന്തര സ്വഭാവമില്ലാത്ത പരാതികൾക്കുമായി 901 എന്ന നമ്പറിലും ബന്ധപ്പെടാമെന്നും ഷാർജ പോലീസ് പൊതുജനങ്ങളെ അറിയിച്ചു.
“എഞ്ചിൻ ഓണാക്കി ഉടമയുടെ മുങ്ങൽ ; കാർ അടിച്ചുമാറ്റി കള്ളന്റെ പറക്കൽ ; രണ്ട് മണിക്കൂറിൽ കള്ളനെ പൊക്കി ഷാർജ പോലീസ് !”
Advertisement
Advertisement
Advertisement