ബംഗളൂരു :
കർണാടകയിലെ മൈസൂരു–നഞ്ചൻഗുഡ് റോഡിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് സുരക്ഷയെച്ചൊല്ലിയുള്ള ചർച്ചയ്ക്ക് വഴിവച്ചത്.
വാഹനത്തിന്റെ പിന്നിൽ ഘടിപ്പിച്ച മെറ്റൽ ബാസ്‌ക്കറ്റ് പോലുള്ള സംവിധാനത്തിലാണ് അഞ്ച് കുട്ടികൾ ഇരിക്കുന്നത്. മറ്റൊരു കുട്ടി വാഹനമോടിക്കുന്നയാളുടെ മുന്നിലും ഇരിക്കുന്നതായി വീഡിയോയിൽ കാണാം. ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും കുട്ടികളാരും ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നില്ല. സെപ്റ്റംബർ 21ന് ‘സനാതന കന്നഡ’ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഞായറാഴ്ച തിരക്കേറിയ മൈസൂരു–നഞ്ചൻഗുഡ് റോഡിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് പോസ്റ്റിലെ അവകാശവാദം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള യാത്രയാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം യാത്രകൾക്കെതിരെ നടപടി വേണമെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, കുട്ടികളുടെ പിതാവായിരിക്കാം വാഹനം ഓടിച്ചതെന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടായി. ഇന്ത്യയിലെ പല നഗരങ്ങളിലും ഇത്തരം കാഴ്ചകൾ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ സംഭവത്തിൽ ബന്ധപ്പെട്ട വാഹനയാത്രക്കാരനെതിരെ ട്രാഫിക് അധികൃതർ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ വിവരങ്ങളില്ല.
ഒരു ബൈക്കിൽ ഏഴ് പേർ ; അഞ്ച് കുട്ടികൾ മെറ്റൽ ബാസ്‌ക്കറ്റിൽ, മുന്നിലും കുട്ടി : ഞെട്ടിച്ച് ദൃശ്യങ്ങൾ
Advertisement
Advertisement
Advertisement