breaking news New

കാന്താരിക്കും പൊള്ളുന്ന വില ! കിലോയ്ക്ക് 800 രൂപ വരെ !!

ഗുണവും വലിപ്പവും അനുസരിച്ച് കിലോയ്‌ക്ക് 600 മുതല്‍ 800 രൂപ വരെയാണ് വില. ലഭ്യത കുറഞ്ഞതാണ് വിലക്കുതിപ്പിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. എല്ലാ സീസണിലും കാന്താരിക്ക് ആവശ്യക്കാരുണ്ടെങ്കിലും വിപണിയിലെത്തുന്ന അളവ് ആവശ്യത്തിന് തികയുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രധാനമായും കാന്താരി മുളക് വിപണിയിലെത്തുന്നത്. എന്നാല്‍ ഇവയ്‌ക്ക് നാടന്‍ കാന്താരിയുടെ ഗുണനിലവാരമില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

നാടന്‍ വിഭവമായ കപ്പ ഹോട്ടലുകളുടെ മെനുവില്‍ ഇടംപിടിച്ചതോടെ കാന്താരിച്ചമ്മന്തിക്കും താരപദവിയാണ്. കപ്പയും കാന്താരിച്ചമ്മന്തിയും തേടിയെത്തുന്നവരുടെ എണ്ണം കൂടിയതോടെ മുളകിന്റെ ആവശ്യവും വര്‍ധിച്ചു. വില കുതിച്ചുയര്‍ന്നിട്ടും കേരളത്തില്‍ കാന്താരി കൃഷി വ്യാപകമാകുന്നില്ലെന്നതാണ് വിരോധാഭാസം. പല കര്‍ഷകരും ഇഞ്ചി ഉള്‍പ്പെടെയുള്ള വിളകള്‍ക്കൊപ്പം ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്. വിലയിലെ ചാഞ്ചാട്ടവും കാന്താരി തൈകളുടെ ലഭ്യതക്കുറവുമാണ് കൂടുതല്‍ കര്‍ഷകരെ ഈ കൃഷിയിലേക്ക് തിരിയുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് .


കാന്താരി മുളക് ഉണക്കി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങിയതോടെയാണ് ആവശ്യക്കാര്‍ വര്‍ധിച്ചത്. ഉണങ്ങിയ കാന്താരി , പായ്‌ക്കറ്റുകളിലും വിപണിയില്‍ ലഭ്യമാണ്. രാസവസ്തുക്കളുടെ സാന്നിധ്യം കുറവാണെന്ന ധാരണയും ഉണക്കി ദീര്‍ഘകാലം സൂക്ഷിക്കാമെന്നതും വിദേശമലയാളികള്‍ക്കിടയില്‍ കാന്താരിയുടെ പ്രിയം വര്‍ധിപ്പിച്ചു. അച്ചാറിനും ഉപ്പിലിട്ടതിനും ആവശ്യക്കാരേറെയാണ്. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള നാടന്‍ പ്രതിവിധിയെന്ന പ്രചാരണവും കാന്താരിയുടെ ജനപ്രീതി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ കാന്താരിയുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

കാന്താരി മുളകിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. വിറ്റാമിന്‍ എ, സി, ഇ എന്നിവയ്‌ക്കൊപ്പം കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. വിറ്റാമിന്‍ സി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാണ്. എന്നാല്‍ കാന്താരി കഴിക്കുന്നത് ശ്വാസകോശ രോഗങ്ങളെ തടയുമെന്നോ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നോ ഉറപ്പിച്ചു പറയാനാവില്ല. അമിതമായി കഴിക്കുന്നത് ചിലരില്‍ വയറുവേദനയും അസ്വസ്ഥതകളും ഉണ്ടാക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4