breaking news New

ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയുടെ മുന്നേറ്റം ; 103ൽ 87 ഇടങ്ങളിലും വിജയം

തിരുവനന്തപുരം : സംസ്ഥാനത്തെ ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി എസ്‌എഫ്‌ഐ. തെരഞ്ഞെടുപ്പ് നടന്ന 103 ഐടിഐകളിൽ 87 ഇടങ്ങളിലും യൂണിയൻ പിടിച്ചാണ് സംഘടന വിജയം നേടിയത്. പലയിടങ്ങളിലും കെഎസ്‌യുവിൽനിന്നും മറ്റ് സംഘടനകളിൽനിന്നും യൂണിയനുകൾ തിരിച്ചുപിടിക്കാനും എസ്‌എഫ്‌ഐക്ക് കഴിഞ്ഞു.

കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് നടന്ന എല്ലാ ഐടിഐകളിലും എസ്‌എഫ്‌ഐ വിജയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഒമ്പതിൽ എട്ടിടത്തും കൊല്ലത്ത് പത്തിൽ ഏഴിടത്തും എസ്‌എഫ്‌ഐ യൂണിയൻ നേടി. പത്തനംതിട്ടയിലെ രണ്ട്, ആലപ്പുഴയിലെ ആറ്, കോട്ടയത്തെ നാല് ഐടിഐകളിലും സംഘടന വിജയിച്ചു.

ഇടുക്കിയിൽ ആറിൽ അഞ്ചും എറണാകുളത്ത് ഏഴിൽ ആറും തൃശൂരിലെ എട്ടും ഐടിഐകളിൽ എസ്‌എഫ്‌ഐ വിജയിച്ചു. പാലക്കാട് പത്തിൽ എട്ടിടത്തും മലപ്പുറത്ത് എട്ടിൽ അഞ്ചിടത്തും കോഴിക്കോട് പതിനൊന്നിൽ പത്തിടത്തും വിജയം നേടി. വയനാട്ടിൽ മൂന്നിൽ ഒന്നും കാസർകോട് ഒമ്പതിൽ ഏഴും ഐടിഐകളിലാണ് എസ്‌എഫ്‌ഐക്ക് വിജയിക്കാനായത്.

കണ്ണൂരിലെ പത്ത് ഐടിഐകളിലും എസ്‌എഫ്‌ഐ യൂണിയൻ നേടി. കെഎസ്‌യുവും യുഡിഎസ്‌എഫും ആറ് വീതം ഐടിഐകളിലും എഐഎസ്എഫ് മൂന്നിടത്തും എബിവിപി ഒരിടത്തും വിജയിച്ചതായാണ് കണക്കുകൾ.

ആലപ്പുഴയിലെ കായംകുളം, ഹരിപ്പാട് ഐടിഐകളിൽ കെഎസ്‌യുവിൽനിന്നാണ് എസ്‌എഫ്‌ഐ യൂണിയൻ തിരിച്ചുപിടിച്ചത്. ചാലക്കുടി വനിതാ ഐടിഐയും കണ്ണൂർ പേരാവൂർ ഐടിഐയും എബിവിപിയിൽനിന്നും നേടി.

കൊല്ലം പോരുവഴി, ഇടുക്കി കട്ടപ്പന ഐടിഐകളിൽ രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കെഎസ്‌യുവിൽനിന്ന് യൂണിയൻ തിരിച്ചുപിടിച്ചത്. കോട്ടയം കഞ്ഞിക്കുഴി, കോഴിക്കോട് ബേപ്പൂർ ഐടിഐകളിലും കെഎസ്‌യു യൂണിയനുകളെ പരാജയപ്പെടുത്തി എസ്‌എഫ്‌ഐ വിജയം നേടി.

പാലക്കാട് മീനാക്ഷിപുരം ഐടിഐയിൽ കെവിജെയിൽനിന്നും മലപ്പുറം അരീക്കോട് ഐടിഐയിൽ എംഎസ്എഫിൽനിന്നും യൂണിയൻ പിടിച്ചെടുത്തു.

'സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത്' എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ, പോളിടെക്നിക് തെരഞ്ഞെടുപ്പുകൾക്കും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനും പിന്നാലെയാണ് ഐടിഐ തെരഞ്ഞെടുപ്പിലും സംഘടനയുടെ മുന്നേറ്റം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4