breaking news New

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഗുരുദേവന്റെ കട്ടിലും ചാരുകസേരയും ഇനി തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് സ്വന്തം ; പ്രൊഫ. പി. ജയേന്ദ്രൻ നിധിപോലെ സംരക്ഷിച്ചു : മരണശേഷവും ഗുരുസ്മരണയ്ക്ക് വിലമതിക്കാനാവാത്ത സമർപ്പണം

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ ജീവിതസ്മരണകൾ പേറുന്ന അപൂർവ ചരിത്രവസ്തുക്കൾ ഇനി തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ മ്യൂസിയത്തിന് സ്വന്തം. ഗുരുദേവൻ ഉപയോഗിച്ചിരുന്ന ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കട്ടിലും ചാരുകസേരയുമാണ് ക്ഷേത്രത്തിന് കൈമാറുന്നത്.

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. പി. ജയേന്ദ്രൻ നിധിപോലെ സംരക്ഷിച്ചുപോന്നവയാണ് ഇവ. കഴിഞ്ഞ സെപ്റ്റംബറിൽ അന്തരിച്ച അദ്ദേഹത്തിന്റെ വിൽപ്പത്രത്തിലെ നിർദേശപ്രകാരമാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുക്കൾ ക്ഷേത്രത്തിന് കൈമാറുന്നത്.

തലശ്ശേരി ജഗന്നാഥ ക്ഷേത്രം സ്ഥാപിക്കുന്ന കാലത്ത് ജയേന്ദ്രന്റെ മുത്തശ്ശിയുടെ പിതാവായ അറക്കുകളത്ത് ഉണ്ണി ഗുരുക്കളുടെ വീട്ടിലായിരുന്നു ശ്രീനാരായണ ഗുരുദേവൻ താമസിച്ചിരുന്നത്. അക്കാലത്ത് ഗുരുദേവൻ ഉപയോഗിച്ച കട്ടിലും ചാരുകസേരയും പിന്നീട് ഊരാച്ചേരി കുടുംബത്തിലെ തലമുറകൾ ഭക്തിപൂർവം സംരക്ഷിച്ചുപോന്നു.

തറവാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് താമസം മാറിയപ്പോഴും ജയേന്ദ്രൻ ഈ അമൂല്യ സ്മാരകങ്ങൾ ഒപ്പം കൂട്ടി. അവയുടെ പഴമയും ചരിത്രപ്രാധാന്യവും നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയ അദ്ദേഹം മിനുക്കുപണികൾ പോലും നടത്താതെ സൂക്ഷിച്ചു. തന്റെ മരണശേഷം ഇവ ഗുരുദേവൻ പ്രതിഷ്ഠിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെത്തിക്കണമെന്ന ആഗ്രഹവും വിൽപ്പത്രത്തിൽ രേഖപ്പെടുത്തിയിരുന്നു.

നിലവിൽ കൊയിലാണ്ടി നന്തി വീരവഞ്ചേരി അന്നപൂർണേശ്വരി ക്ഷേത്രത്തിലാണ് കട്ടിലും ചാരുകസേരയുമുള്ളത്. അറ്റകുറ്റപ്പണികളും പൂജകളും പൂർത്തിയാക്കിയശേഷം നവംബർ 22ന് ഉച്ചയ്ക്ക് ഘോഷയാത്രയായി തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെത്തിക്കും. തുടർന്ന് ക്ഷേത്ര മ്യൂസിയത്തിൽ ഇവ പ്രദർശിപ്പിക്കും.

ഒരു നൂറ്റാണ്ടിന്റെ ചരിത്രവും ഗുരുദേവന്റെ സ്മരണകളും പേറുന്ന ഈ അമൂല്യ വസ്തുക്കൾ സംരക്ഷിക്കാനുള്ള ജയേന്ദ്രന്റെ അവസാന ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4