കടൽവിഭവങ്ങൾ കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.
പവിഴപ്പുറ്റുകളുമായി (Coral Reefs) ബന്ധപ്പെട്ട സമുദ്ര ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ചില വലിയ മത്സ്യങ്ങളിൽ മാരൈൻ ബയോടോക്സിനുകൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സിഗ്വാടോക്സിൻ (Ciguatoxin).
ചെമ്പല്ലി (Red Snapper), ശീലാവ് (Barracuda), റീഫ് കോഡ് അഥവാ ഗ്രൂപ്പർ (Grouper), ട്രെവല്ലി (Trevally) തുടങ്ങിയ വലിയ മത്സ്യങ്ങളിൽ ഇത്തരം വിഷാംശങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടലിലെ ചില സൂക്ഷ്മ ആൽഗകൾ ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിദത്ത വിഷാംശങ്ങളാണ് മാരൈൻ ബയോടോക്സിനുകൾ.
ഭക്ഷ്യശൃംഖലയിലൂടെ ഇവ ചെറുമത്സ്യങ്ങളിലേക്കും തുടർന്ന് അവയെ ഭക്ഷിക്കുന്ന വലിയ മത്സ്യങ്ങളിലേക്കും എത്തിച്ചേരാം. ഇതുവഴി വലിയ മത്സ്യങ്ങളുടെ ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടാനും സാധ്യതയുണ്ട്.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഇത്തരം വിഷാംശങ്ങൾ മത്സ്യത്തിന്റെ നിറത്തിലോ മണത്തിലോ രുചിയിലോ മാറ്റം വരുത്തണമെന്നില്ല എന്നതാണ്. സാധാരണ പാചകരീതികളിലൂടെയും ഇവ നശിക്കണമെന്നില്ല. അതിനാൽ മത്സ്യത്തിന്റെ പുറംരൂപമോ ഗന്ധമോ മാത്രം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാനാകില്ല.
വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് മാത്രം മത്സ്യം വാങ്ങണമെന്നും സംശയാസ്പദമായ മത്സ്യങ്ങൾ ഭക്ഷിക്കുന്നത് ഒഴിവാക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിക്കുന്നു. കടൽവിഭവങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതില്ലെന്നും അവയെക്കുറിച്ചുള്ള ശരിയായ അറിവും ഭക്ഷ്യസുരക്ഷാ മുൻകരുതലുകളും പാലിക്കുകയാണ് പ്രധാനമെന്നും വകുപ്പ് വ്യക്തമാക്കി.
സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും ടോൾ ഫ്രീ നമ്പറായ 1800 425 1125 വഴി അറിയിക്കാം.
ന്യൂസ് കോർട്ടസി : ഫുഡ് സേഫ്റ്റി കേരള, സംസ്ഥാന സർക്കാർ
പവിഴപ്പുറ്റുകളിലെ വലിയ മത്സ്യങ്ങളിൽ മാരക വിഷാംശത്തിന് സാധ്യത ; കടൽവിഭവങ്ങൾ കഴിക്കുമ്പോൾ ജാഗ്രത വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് !!
Advertisement
Advertisement
Advertisement