യുഎഇയിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം മഴ ശക്തമായിട്ടുണ്ട്. മലീഹ, മദാം, അൽബാദയേർ, ഖോർഫക്കാൻ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു.
മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വാഹനയാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. മഴയുള്ള സമയങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കുകയും വെള്ളക്കെട്ടിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ, വാദികൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഷാർജയിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് അധികൃതർ പൂർത്തിയാക്കിയിരിക്കുന്നത്. 1,100 മുനിസിപ്പാലിറ്റി ജീവനക്കാർ, 580 ജല ടാങ്കറുകൾ, 180 മൊബൈൽ പമ്പുകൾ എന്നിവയെയാണ് അടിയന്തര സേവനങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നത്. റോഡുകളിലും ജനവാസ മേഖലകളിലും വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി 70 മഴവെള്ള സംഭരണ തടാകങ്ങളും 40,000 ഡ്രെയിനേജ് ഓപ്പണിംഗുകളും വൃത്തിയാക്കിയിട്ടുണ്ട്. ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലും റെയിൻ എമർജൻസി സുപ്രീം കമ്മിറ്റി ചെയർമാനുമായ ഒബൈദ് സഈദ് അൽ തുനൈജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാന റോഡുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒമ്പത് പുതിയ പമ്പിംഗ് സ്റ്റേഷനുകളും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സഹായമെത്തിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങളും റിക്കവറി വാഹനങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
യുഎഇയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; രാജ്യവ്യാപക ജാഗ്രതാ നിർദേശം : 1,100 ജീവനക്കാരും 580 ടാങ്കറുകളും സജ്ജം
Advertisement
Advertisement
Advertisement