സെപ്റ്റംബർ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കുന്ന തിരുവോണം ബമ്പറിന്റെ പേരിലാണ് തട്ടിപ്പ്. ഇതര സംസ്ഥാനക്കാരാണ് പ്രധാനമായും തട്ടിപ്പിനിരയാകുന്നതെന്നാണ് വിവരം.
500 രൂപ വിലയുള്ള യഥാർഥ തിരുവോണം ബമ്പർ ടിക്കറ്റ് 149 രൂപയ്ക്ക് നൽകാമെന്ന വാഗ്ദാനത്തോടെയാണ് വ്യാജ ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വിൽക്കുന്നത്. വ്യാജ ടിക്കറ്റിൽ ഒന്നാം സമ്മാനത്തുകയായി 30 കോടിക്ക് പകരം 25 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടിക്കറ്റ് വാങ്ങിയതിന് പിന്നാലെ സമ്മാനം ലഭിച്ചെന്ന് അറിയിച്ചുകൊണ്ട് തട്ടിപ്പുകാർ ഫോൺ വിളിക്കും. സമ്മാനത്തുക കൈപ്പറ്റുന്നതിനായി രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള തുക അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നിരവധി പേരുണ്ടെന്നാണ് വിവരം.
കേരള ലോട്ടറിയുടെ പേരിൽ തമിഴ്‌നാട്ടിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് തമിഴ്നാട് സ്വദേശികൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നത്. ടിക്കറ്റ് വാങ്ങിയ ശേഷം സമ്മാനം ലഭിച്ചെന്ന് അറിയിച്ച് വിളിക്കുകയും സമ്മാനത്തുക കൈമാറുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്യുമ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലാകുന്നതെന്നും അവർ പറഞ്ഞു.
ഓൺലൈൻ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും ഇത്തരം സന്ദേശങ്ങളിലും ഫോൺവിളികളിലും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ശ്രദ്ധിക്കുക : തിരുവോണം ബമ്പറിന്റെ പേരിൽ എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റുകൾ നിർമിച്ച് ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു !!
Advertisement
Advertisement
Advertisement