breaking news New

ഇത്തവണ ഓണപ്പൂക്കളത്തിന്റെ വലിപ്പം കുറയും ; ഓണപ്പൂക്കളത്തിനായി പൂക്കൾ വാങ്ങാനെത്തുന്നവർക്ക് ഇത്തവണ വിലക്കയറ്റത്തിന്റെ വൻ തിരിച്ചടി !

തമിഴ്നാട്ടിലും കർണാടകയിലും നിന്നുള്ള പൂവരവ് കുറഞ്ഞതോടെയാണ് കേരളത്തിലെ പൂവിപണിയിൽ വില കുത്തനെ ഉയർന്നത്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് വില ഏറ്റവും ഉയർന്നത്.

തമിഴ്നാട്ടിൽ മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 4,000 മുതൽ 6,000 രൂപ വരെയെത്തി. കേരളത്തിൽ ഒരു മുഴം മുല്ലപ്പൂവിന് 70–80 രൂപ വരെയാണ് ഇപ്പോഴത്തെ വില. അരളി കിലോയ്ക്ക് 450–500 രൂപയും വെള്ള ജമന്തി, ചെത്തി എന്നിവയ്ക്ക് 600 രൂപയുമാണ് വില. ബട്ടൺ റോസിനും പൂജാ റോസിനും 500 രൂപ വരെയായി.
മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ് വില. താമരമൊട്ടിന് വലുപ്പമനുസരിച്ച് 50 മുതൽ 150 രൂപ വരെയാണ്. വാടാമുല്ലയ്ക്ക് 200 രൂപയും ശതാവേരിക്ക് ഒരു കെട്ടിന് 300 രൂപയും അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് നിലവിലെ വില.

തമിഴ്നാട്ടിലെ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും പൂക്കളുടെ ഉൽപ്പാദനത്തെ ബാധിച്ചതാണ് പ്രധാന തിരിച്ചടിയെന്ന് വ്യാപാരികൾ പറയുന്നു. ഉൽപ്പാദനം കുറഞ്ഞതോടെ തോട്ടങ്ങളിൽനിന്ന് കൂടുതൽ വില നൽകി പൂക്കൾ ശേഖരിക്കേണ്ടിവരുന്നു. ഇതിനൊപ്പം ലോറി വാടകയും മറ്റ് ചെലവുകളും വർധിച്ചതോടെ വിപണിവില ഉയർത്താതെ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വ്യാപാരികൾ വ്യക്തമാക്കി.
വില ഉയർന്നതോടെ പലരും പൂക്കളുടെ അളവ് കുറച്ചാണ് വാങ്ങുന്നത്. ഓണപ്പൂക്കളത്തിന്റെ വലുപ്പം കുറയ്ക്കേണ്ടിവരുമെന്നും അധിക ചെലവ് കുടുംബബജറ്റിനെ ബാധിക്കുമെന്നും ഉപഭോക്താക്കൾ പറയുന്നു. ഓണം അടുക്കുന്നതോടെ ആവശ്യകത കൂടുന്നതിനാൽ പൂവില ഇനിയും ഉയരാനുള്ള സാധ്യതയും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4