‘യു’ എന്ന കുടുംബപ്പേരിൽ തിരിച്ചറിയുന്ന സ്ത്രീ 2016 മുതൽ ഒരേ ബ്യൂട്ടി സ്ഥാപന ശൃംഖലയുടെയും അതുമായി ബന്ധപ്പെട്ട മെഡിക്കൽ ബ്യൂട്ടി ക്ലിനിക്കിന്റെയും സേവനങ്ങൾ ഉപയോഗിച്ചുവരികയായിരുന്നു. അമ്മയുടെ സമ്പാദ്യം ഏതാണ്ട് പൂർണമായി തീർന്നതോടെയാണ് മകൾ ചെലവുകളുടെ വിവരങ്ങൾ പരിശോധിച്ചത്.
യോങ്‌കി ബ്യൂട്ടി ആൻഡ് ഹെയർഡ്രസിങ് കമ്പനിയുടെ ഒരു ശാഖയിലും അതുമായി ബന്ധമുള്ള റൂയി എന്ന മെഡിക്കൽ ബ്യൂട്ടി ക്ലിനിക്കിലുമാണ് യുവിന് വിവിധ ചികിത്സകൾ ലഭിച്ചത്. ചർമം മുറുക്കുന്നതിനുള്ള ചികിത്സ, ത്രെഡ് ലിഫ്റ്റ്, മെറിഡിയൻ മസാജ്, പുരിക ടാറ്റൂ, ചുണ്ടുകളുടെ ടാറ്റൂ തുടങ്ങിയ നിരവധി സേവനങ്ങളാണ് അവർ സ്വീകരിച്ചത്. ചില ചികിത്സകൾ ആവർത്തിച്ച് നടത്തിയതായും ബില്ലുകളിൽ കണ്ടെത്തിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചില ചികിത്സകൾക്ക് സാധാരണ വിപണി നിരക്കിനേക്കാൾ വളരെ ഉയർന്ന തുക ഈടാക്കിയതായും മകൾ കണ്ടെത്തി. ഉദാഹരണത്തിന്, ലിപ് ടാറ്റൂ ചെയ്യുന്നതിനുള്ള ഒരു പാക്കേജിന് 39,800 യുവാൻ, ഏകദേശം 5.6 ലക്ഷം രൂപ, ഈടാക്കിയതായി രേഖകളിലുണ്ട്. മറ്റൊരു ‘ഇന്റിമേറ്റ് കെയർ’ എന്ന പേരിലുള്ള നടപടിക്രമത്തിന് 300,000 യുവാൻ, ഏകദേശം 42 ലക്ഷം രൂപ, ഈടാക്കിയെങ്കിലും ആ ചികിത്സ യുവിന് നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്. പകരം മറ്റ് ചർമപരിചരണ ചികിത്സകളാണ് നൽകിയതെന്നാണ് വിവരം. യുവിന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും സ്വന്തം വീട് വിറ്റ് ലഭിച്ച പണമായിരുന്നു. ചെലവുകൾ മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ സമ്പാദ്യം ഏതാണ്ട് പൂർണമായി തീർന്നതിനാൽ വാടകയ്ക്ക് വീട് എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലെത്തിയതായി മകൾ പറയുന്നു. ആഭരണങ്ങളും വിൽക്കേണ്ടിവന്നതായും റിപ്പോർട്ടുണ്ട്. ‘ഹാപ്പിനസ് ചെയർ’, ‘സ്പേസ് ക്യാപ്സ്യൂൾ’ തുടങ്ങിയ പേരുകളിലുള്ള ചില സേവനങ്ങൾക്കായും ബില്ലുകൾ നൽകിയിരുന്നെങ്കിലും ഇവ എന്താണെന്ന് യുവിന് വ്യക്തമായി വിശദീകരിക്കാനായില്ല.
യുവിന്റെ മകൾ ഷാങ്ഹായിലെ ഒരു ടെലിവിഷൻ പരിപാടിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ബ്യൂട്ടി സ്ഥാപനത്തിലെ ജീവനക്കാർ യുവിനെ മെഡിക്കൽ ബ്യൂട്ടി ക്ലിനിക്കിലേക്ക് നിർദേശിച്ചിരുന്നതായും അവിടെയുള്ള ചില ബില്ലുകൾ യോങ്‌കിയുടെ അക്കൗണ്ടിലൂടെയാണ് നൽകിയിരുന്നതെന്നും മകൾ കണ്ടെത്തി. സംഭവത്തിൽ പ്രതികരണം തേടി സൗത്ത് ചൈന മോണിങ് പോസ്റ്റ് ക്ലിനിക്കുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബില്ലുകളിൽ നൽകിയിരുന്ന ഫോൺ നമ്പറുകൾ പ്രവർത്തിച്ചിരുന്നില്ല. അതേസമയം, യുവിന്റെ ആവശ്യം അനുസരിച്ചാണ് ചികിത്സകൾ നൽകിയതെന്നും വിലകൾ മുൻകൂട്ടി പ്രദർശിപ്പിച്ചിരുന്നുവെന്നും പണം നൽകി സേവനങ്ങൾ സ്വീകരിച്ചതിലൂടെ അവർ നിരക്കുകൾ അംഗീകരിച്ചിരുന്നുവെന്നും യോങ്‌കി ജീവനക്കാരൻ അവകാശപ്പെട്ടു. പിന്നീട് ധാരണയുടെ ഭാഗമായി യുവിന്റെ മുൻകൂർ പണമടച്ച തുകയിൽ ഒരു ഭാഗം സ്ഥാപനം തിരികെ നൽകിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രായമായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണാത്മക വിൽപ്പനരീതികളെക്കുറിച്ചും ബ്യൂട്ടി-വെൽനസ് മേഖലയിലെ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചും ചർച്ചകൾ ശക്തമായി.
75-ാം വയസ്സിലും സൗന്ദര്യത്തിന് വിട്ടുവീഴ്ചയില്ല ! സമ്പാദിച്ച 4 കോടി മുഴുവൻ ‘ബ്യൂട്ടി’ക്ക് പോയി !
Advertisement
Advertisement
Advertisement