breaking news New

അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചൽസിന്റെ മേയറായി ഇന്ത്യൻ വംശജയായ നിത്യ രാമൻ തിരഞ്ഞെടുക്കപ്പെട്ടു

നിലവിലെ മേയർ കാരൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യയുടെ ചരിത്രവിജയം. ഡിസിഷൻ ഡെസ്ക് എച്ച്ക്യു പുറത്തുവിട്ട കണക്കുകൾ പ്രകാരം 51.1 ശതമാനം വോട്ടുകൾ നിത്യ നേടിയപ്പോൾ കാരൻ ബാസിന് 48.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

2020ൽ ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നിത്യ, ഈ വർഷം ഫെബ്രുവരിയിലാണ് മേയർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പൊതുസുരക്ഷ, താങ്ങാനാവുന്ന ഭവനം, ഭവനരഹിതരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഇരുസ്ഥാനാർഥികളും പ്രധാനമായും വ്യത്യസ്ത നിലപാടുകൾ മുന്നോട്ടുവച്ചത്.

ലോസ് ഏഞ്ചൽസ് കൗണ്ടി ഫെഡറേഷൻ ഓഫ് ലേബർ, ഡെമോക്രാറ്റിക് പാർട്ടി എന്നിവയുൾപ്പെടെയുള്ള പ്രമുഖ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ പിന്തുണ കാരൻ ബാസിനുണ്ടായിരുന്നു. അതേസമയം, സിറ്റി ഹാളിൽ സ്വാധീനം വർധിപ്പിച്ചുവരുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക, ഗതാഗത നയങ്ങളിൽ ഇടപെടുന്ന സ്ട്രീറ്റ്സ് ഫോർ ഓൾ തുടങ്ങിയ സംഘടനകളുടെ പിന്തുണയാണ് നിത്യയ്‌ക്ക് ലഭിച്ചത്.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഇരുവരും വ്യത്യസ്ത പ്രചാരണരീതികളാണ് സ്വീകരിച്ചത്. മുതിർന്ന വോട്ടർമാരെ ലക്ഷ്യമിട്ട് വെസ്റ്റ് ആഡംസ്, നോർത്ത് റിഡ്ജ് എന്നിവിടങ്ങളിലെ മുതിർന്ന പൗരന്മാരുടെ കേന്ദ്രങ്ങൾ സന്ദർശിച്ചായിരുന്നു കാരൻ ബാസിന്റെ പ്രചാരണം.

കേരളത്തിൽ ജനിച്ചുവളർന്ന നിത്യ രാമന്റെ കുടുംബവേരുകൾ തൃശ്ശൂരിലും തിരുവനന്തപുരത്തുമാണ്. 1981ലാണ് ജനനം. അമ്മ സുധ കേച്ചേരിയുടെ നാടായ തൃശ്ശൂരും അച്ഛൻ വെങ്കിട്ടരാമന്റെ നാടായ തിരുവനന്തപുരവും നിത്യയുടെ ജീവിതവുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങളാണ്.

തിരുവനന്തപുരം കെൽട്രോണിൽ എൻജിനീയറായിരുന്ന വെങ്കിട്ടരാമൻ ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയതോടെയാണ് നിത്യയും അമ്മയും തൃശ്ശൂരിലേക്ക് താമസം മാറിയത്. ആദ്യ രണ്ടരവർഷം കുടുംബം തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്.

തൃശ്ശൂരിലെ ഭാരതീയ വിദ്യാഭവനിലായിരുന്നു നിത്യയുടെ പ്രാഥമിക വിദ്യാഭ്യാസം. നടനനികേതനുമായി ബന്ധപ്പെട്ടിരുന്ന സ്ഥാപനത്തിൽ എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെയാണ് പഠിച്ചത്. ആറാം വയസ്സിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോയി.

ബിരുദപഠനത്തിനുശേഷം നാലുവർഷത്തോളം ഇന്ത്യയിൽ ചെലവഴിച്ചത് നൃത്തപഠനത്തിനായാണ്. നൃത്തത്തോടുള്ള താൽപര്യം പിന്തുടർന്ന് ചെന്നൈ കലാക്ഷേത്രയിൽനിന്ന് ഭരതനാട്യം അഭ്യസിച്ചു. ഹോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനുമായുള്ള വിവാഹം 2010ൽ ബെംഗളൂരുവിലാണ് നടന്നത്.

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജീവനക്കാരിയായിരുന്ന അമ്മ സുധ കേച്ചേരി തൃശ്ശൂരിലെ വിവിധ ശാഖകളിൽ ജോലി ചെയ്തിട്ടുണ്ട്. സഹോദരൻ ആകാശ് രാമൻ ന്യൂയോർക്കിൽ സാമ്പത്തിക മേഖലയിലാണ് പ്രവർത്തിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4