വസ്ത്രത്തിലോ കണ്ണടയിലോ ഒളിഞ്ഞിരിക്കുന്ന ക്യാമറകള്‍ നമ്മെ നിരീക്ഷിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ ഈ ആപ്പ് സഹായിക്കും.
ബ്ലൂടൂത്ത് സിഗ്നലുകള്‍ സ്‌കാന്‍ ചെയ്താണ് 'നിയര്‍ബൈ ഗ്ലാസസ്' പ്രവര്‍ത്തിക്കുന്നത്. പരിസരത്ത് സ്മാര്‍ട്ട് ഗ്ലാസുകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ആപ്പില്‍ ഒരു 'കനറി' പക്ഷിയുടെ ചിത്രം തെളിയുകയും മാറ്റങ്ങള്‍ അറിയിക്കുകയും ചെയ്യും. കല്‍ക്കരി ഗനികളില്‍ വിഷവാതക സാന്നിധ്യം മുന്‍കൂട്ടി തിരിച്ചറിയാന്‍ പണ്ടുകാലത്ത് കനറി പക്ഷികളെ ഉപയോഗിച്ചിരുന്ന രീതിക്ക് സമാനമാണിത്. നിങ്ങളെ നിരീക്ഷിക്കാന്‍ സാധ്യതയുള്ള ഉപകരണം സമീപത്തുണ്ടെന്ന് ഈ ആപ്പ് സൂചന നല്‍കുന്നതോടെ ഉപയോക്താവിന് ജാഗ്രത പാലിക്കാനും അവിടെനിന്ന് മാറിനില്‍ക്കാനും സാധിക്കും.
നമ്മളറിയാതെ നമ്മെ ക്യാമറയില്‍ പകര്‍ത്തുന്ന ഭീതിയിപ്പോള്‍ വഴിയിലെ സിസിടിവികളില്‍ മാത്രം ഒതുങ്ങുന്നില്ല. ട്രെയിനിലോ തെരുവിലോ തൊട്ടടുത്ത കടയിലോ നില്‍ക്കുന്നൊരാള്‍ ധരിച്ചിരിക്കുന്ന സാധാരണ കണ്ണടയില്‍ വരെ അത് ഒളിഞ്ഞിരിപ്പുണ്ടാകാം. പ്രമുഖ ടെക് ഭീമനായ മെറ്റ , റേബാനുമായി ചേര്‍ന്ന് പുറത്തിറക്കിയ സ്മാര്‍ട്ട് ഗ്ലാസുകളാണ് ഇന്ന് വന്‍ സുരക്ഷാ-സ്വകാര്യതാ ഭീഷണിയായി ഉയര്‍ന്നിരിക്കുന്നത്. പുറമെ സാധാരണ കണ്ണടയെന്ന് തോന്നുമെങ്കിലും, രഹസ്യ ക്യാമറയും മൈക്രോഫോണും നിര്‍മ്മിത ബുദ്ധിയും അടങ്ങിയ ഈ ഉപകരണങ്ങള്‍ ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ സഹായിക്കുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ 'പെര്‍വേര്‍ട്ട് ഗ്ലാസുകള്‍' (Pervert Glasses) എന്ന അപരനാമത്തിലാണ് ഇവ അറിയപ്പെടുന്നത്.
പണവും പ്രശസ്തിയും ലക്ഷ്യമിട്ട് സ്മാര്‍ട്ട് ഗ്ലാസുകള്‍ ദുരുപയോഗം ചെയ്യുന്ന പുതിയ പ്രവണതയാണ് ഡോ. ഈവ്സിനെ ഇത്തരമൊരു ആപ്പ് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. പ്രത്യേകിച്ച്, മസാജ് പാര്‍ലറുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ അവരുടെ അറിവില്ലാതെ രഹസ്യമായി പകര്‍ത്തി, ആ ദൃശ്യങ്ങള്‍ ഒണ്‍ലിഫാന്‍സ് പോലുള്ള അഡല്‍റ്റ് സൈറ്റുകളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ തനിക്ക് കടുത്ത ദേഷ്യവും വിഷമവും തോന്നിയതായി അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനുപുറമെ, കുടിയേറ്റക്കാരുടെ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശോധനകളും മറ്റും ഇത്തരം ഗ്ലാസുകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഒരാള്‍ ക്യാമറക്കണ്ണുകളില്‍ പെടുന്നുവെന്ന കാര്യം അയാള്‍ അറിയാതിരിക്കുന്നത് വലിയ തെറ്റാണെങ്കിലും, പല രാജ്യങ്ങളിലെയും നിയമസംവിധാനങ്ങള്‍ ഇനിയും ഇതിനെതിരെ കര്‍ശനമായി മാറിയിട്ടില്ല. ഈ സാങ്കേതികവിദ്യ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അവരുടെ അനുവാദമില്ലാതെ രഹസ്യമായി ചിത്രീകരിക്കപ്പെടാനും, ആ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്.
സോഷ്യൽ മീഡിയ വഴി സ്വകാര്യമായ നിമിഷങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നതോടെ വ്യക്തികള്‍ക്ക് അവരുടെ വിവരങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതാകുന്നു. ഇത് മനുഷ്യര്‍ക്കിടയില്‍ പരസ്പരവിശ്വാസമില്ലായ്മ വളര്‍ത്തുകയും, നിരന്തരം നിരീക്ഷണത്തിലാണെന്ന ഭയം കാരണം ആളുകളുടെ സ്വാഭാവിക പെരുമാറ്റത്തെയും ചിന്തകളെയും പോലും മാറ്റിമറിക്കുകയും ചെയ്യുന്നു.
സ്വകാര്യത എന്നത് ഏതെങ്കിലും ഗവണ്‍മെന്റോ ടെക് കമ്പനികളോ ദാനമായി നല്‍കേണ്ട ഒന്നല്ല, മറിച്ച് അതൊരു അടിസ്ഥാന അവകാശമാണെന്ന് ഈവ്സ് ഓര്‍മ്മിപ്പിക്കുന്നു. 'ഒളിഞ്ഞുനോട്ടക്കാരായ പുരുഷന്മാര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും രഹസ്യമായി ചിത്രീകരിച്ച് ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്.' സാങ്കേതികവിദ്യകള്‍ മനുഷ്യരെ പരസ്പരം അടുപ്പിക്കുന്നതിന് പകരം അകറ്റുകയാണ് ചെയ്യുന്നതെന്നും, സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത് വ്യക്തിത്വ വികസനത്തിന് തടസ്സമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യമായും ഓപ്പണ്‍ സോഴ്സായും ലഭ്യമാകുന്ന ഈ ആപ്പിന്, ഒരാള്‍ നിങ്ങളെ കൃത്യമായി റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ എന്ന് തടയാന്‍ സാധിക്കില്ലായിരിക്കാം. എങ്കിലും, ചുറ്റുമുള്ള ഇത്തരം വിരല്‍ത്തുമ്പിലെ നിരീക്ഷണ ഉപകരണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലൂടെ വ്യക്തികള്‍ക്ക് സ്വന്തം സ്വകാര്യത സംരക്ഷിക്കുന്നതിനായി സ്വയം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം ഇത് നല്‍കുന്നു.
മെറ്റ ഗ്ലാസുകള്‍ക്കെതിരായ ആരോപണങ്ങള്‍ ശക്തമാകുമ്പോള്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കിയാണ് ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് മെറ്റയുടെ അവകാശവാദം. റെക്കോര്‍ഡിംഗ് നടക്കുമ്പോള്‍ വ്യക്തമായി മിന്നുന്ന എല്‍.ഇ.ഡി (LED) ലൈറ്റ് ഗ്ലാസിലുണ്ടെന്നും, ഇത് മൂടുകയോ കേടുവരുത്തുകയോ ചെയ്താല്‍ ക്യാമറ തന്ത്രികമായി പ്രവര്‍ത്തനരഹിതമാകുമെന്നും മെറ്റ വക്താവ് വ്യക്തമാക്കി. മാത്രമല്ല, പീഡനപരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കാഴ്ചവൈകല്യമുള്ളവര്‍ക്കായി സൗജന്യ ഗ്ലാസുകള്‍ നല്‍കിയതായും കമ്പനി അറിയിക്കുന്നു.
അതേസമയം,
സ്മാര്‍ട്ട് ഗ്ലാസുകള്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണോ അതോ മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള അതിക്രമമാണോ എന്ന ചോദ്യം ബാക്കിയാകുന്നു.
ടെക് ലോകത്തെ ഈ പുതിയ കുതിച്ചുചാട്ടത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍, നാം എപ്പോള്‍ വേണമെങ്കിലും രഹസ്യമായി നിരീക്ഷിക്കപ്പെടാം എന്ന യാഥാര്‍ത്ഥ്യം ആശങ്ക ഉണ്ടാക്കുന്നതാണ്.
സ്വകാര്യത എന്നത് ഏതെങ്കിലും ഗവണ്‍മെന്റോ ടെക് കമ്പനികളോ ദാനമായി നല്‍കേണ്ട ഒന്നല്ല, മറിച്ച് അതൊരു അടിസ്ഥാന അവകാശം ; സമീപത്തുള്ള സ്മാര്‍ട്ട് ഗ്ലാസുകളെ തൊട്ടറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന 'നിയര്‍ബൈ ഗ്ലാസസ്' എന്ന പ്രത്യേക മൊബൈല്‍ ആപ്പുമായി ഡോ. ഈവ്സ് ജീന്റെനോഡ്
Advertisement
Advertisement
Advertisement