അമേരിക്കയിൽ ഫെഡറൽ ഏജന്റുമാരെന്ന വ്യാജേന വയോധികരെ ഭീഷണിപ്പെടുത്തി ആജീവനാന്ത സമ്പാദ്യം സ്വർണക്കട്ടികളാക്കി തട്ടിയെടുക്കുന്ന വൻ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ. എഫ്.ബി.ഐയും മറ്റ് സുരക്ഷാ ഏജൻസികളും നടത്തിയ അന്വേഷണത്തിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ശൃംഖല പുറത്തായത്. സംഭവത്തിൽ കൊറിയറായി പ്രവർത്തിച്ച ജിതിൻ സണ്ണി എന്ന മലയാളി യുവാവും അറസ്റ്റിലായതോടെ കേസ് വലിയ ശ്രദ്ധ നേടുകയാണ്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായി നടന്നുവരുന്ന തട്ടിപ്പിന് പിന്നിൽ അതിവിദഗ്ധമായ ആസൂത്രണമാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഫെഡറൽ ട്രേഡ് കമ്മീഷൻ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി വയോധികരെ ഫോണിൽ ബന്ധപ്പെടുന്ന സംഘം, അവരുടെ ബാങ്ക് അക്കൗണ്ടുകൾ ഹാക്കർമാരുടെ ഭീഷണിയിലാണെന്ന് വിശ്വസിപ്പിക്കും. പണം സംരക്ഷിക്കാനെന്ന പേരിൽ ബാങ്കിലുള്ള മുഴുവൻ തുകയും പിൻവലിച്ച് സ്വർണക്കട്ടികളാക്കി മാറ്റാൻ നിർദേശിക്കും. തുടർന്ന് രഹസ്യ കൊറിയർമാരെ അയച്ച് സ്വർണം കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
വയോമിംഗ് സംസ്ഥാനത്തെ ലറാമിയിൽ അറുപതുകാരിയായ വയോധികയെ ലക്ഷ്യമിട്ടുള്ള തട്ടിപ്പാണ് നിർണായക വഴിത്തിരിവായത്. വ്യാജ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണം കൊറിയർ വഴി കൈമാറാൻ ഒരുങ്ങുന്നതിനിടെ കോയിൻ ഷോപ്പ് ഉടമയ്ക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ നടത്തിയ രഹസ്യ നീക്കത്തിലാണ് തട്ടിപ്പ് പുറത്തായത്. ഒളിക്യാമറയും രഹസ്യ പാസ്വേഡും ഉപയോഗിച്ച് നടത്തിയ പൊലീസ് ഓപ്പറേഷനിൽ സ്വർണം ശേഖരിക്കാനെത്തിയ ജിതിൻ സണ്ണി പിടിയിലായി.
ഗൂഗിൾ വഴി ലഭിച്ച തൊഴിൽ വാഗ്ദാനത്തിന്റെ ഭാഗമായാണ് എത്തിയതെന്നും പുരാവസ്തുക്കൾ കൊണ്ടുപോകാനാണ് നിർദേശിച്ചതെന്നുമായിരുന്നു യുവാവിന്റെ വിശദീകരണം. എന്നാൽ അന്വേഷണത്തിൽ ഇയാൾ അന്താരാഷ്ട്ര തട്ടിപ്പ് ശൃംഖലയുടെ ഭാഗമായാണ് പ്രവർത്തിച്ചതെന്ന് വ്യക്തമായതായാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ വഴി ആളുകളെ റിക്രൂട്ട് ചെയ്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിലേക്ക് കൊറിയർമാരായി അയക്കുന്ന രീതിയാണ് സംഘം പിന്തുടരുന്നത്. വിസ്കോൺസിൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്നാണ് മുൻ സീക്രട്ട് സർവീസ് ഏജന്റും സൈബർ ക്രൈം വിദഗ്ധനുമായ ടോം ഹൈസ്ലിപിന്റെ വിലയിരുത്തൽ. സർക്കാർ ഉദ്യോഗസ്ഥരുടെയും ബാങ്ക് അധികൃതരുടെയും വേഷം കെട്ടി ഇരകളുടെ വിശ്വാസം നേടിയെടുക്കുകയും ഭയം സൃഷ്ടിച്ച് പണം കൈക്കലാക്കുകയുമാണ് സംഘത്തിന്റെ തന്ത്രം.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള വർധിച്ചുവരുന്ന സ്വീകാര്യതയും കുറ്റവാളികൾ മുതലെടുക്കുന്നുണ്ട്. പണത്തെ അപേക്ഷിച്ച് എളുപ്പത്തിൽ കൈമാറ്റം ചെയ്യാനും കണ്ടെത്താൻ പ്രയാസമുള്ള രീതിയിൽ കടത്തിക്കൊണ്ടുപോകാനും കഴിയുന്നതാണ് സ്വർണക്കട്ടികൾ തിരഞ്ഞെടുക്കാൻ പ്രധാന കാരണം.
വയോധികരുടെ സമ്പാദ്യം ലക്ഷ്യമിട്ടുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധരും പൊലീസും മുന്നറിയിപ്പ് നൽകുന്നു. സർക്കാർ ഏജൻസികളോ ബാങ്കുകളോ പണം സ്വർണമാക്കി മാറ്റി കൊറിയർ വഴി കൈമാറാൻ ആവശ്യപ്പെടില്ലെന്നും അപരിചിതരുടെ ഇത്തരം നിർദേശങ്ങളിൽ വീഴരുതെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
ഇനി മുതൽ എല്ലാ വാർത്തകളുടെയും അവസാനം ഈ ക്രെഡിറ്റ് ഉൾപ്പെടുത്തും.
CENTRAL MEDIA NEWS DESK 🌐 www.cmediaonline.in
ഫെഡറൽ ഏജന്റുമാരെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് ; അമേരിക്കയിൽ വയോധികരെയും വിരമിച്ചവരെയും ലക്ഷ്യമിട്ട വൻ സാമ്പത്തിക തട്ടിപ്പ് സംഘം പിടിയിൽ
Advertisement
Advertisement
Advertisement