breaking news New

മാഗ്നത്തിനും ബാസ്കിൻ-റോബിൻസിനും വമ്പൻ വെല്ലുവിളി ; ഐസ്ക്രീം വിപണിയിലേക്ക് മുകേഷ് അംബാനിയുടെ ‘ബോംബെ ക്രീമറി’ : റിലയൻസിന്റെ പുതിയ നീക്കത്തിൽ വൻകിട ബ്രാൻഡുകൾക്ക് ആശങ്ക !

പത്ത് വര്‍ഷം മുന്‍പ് വിലക്കുറവിലൂടെ ടെലികോം വിപണിയെ കീഴ്മേല്‍ മറിക്കുകയും പിന്നീട് 'കാമ്പ' എന്ന സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡ് പുനരവതരിപ്പിച്ച് കോള വിപണിയില്‍ വിലയുദ്ധത്തിന് തിരികൊളുത്തുകയും ചെയ്ത റിലയന്‍സിന്റെ പുതിയ ചുവടുവെപ്പാണിത്.

'ബോംബെ ക്രീമറി' എന്ന ബ്രാന്‍ഡിന് കീഴില്‍ കോണുകള്‍, കപ്പുകള്‍, ടബ്ബുകള്‍, ബാറുകള്‍, സ്റ്റിക്കുകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഐസ്‌ക്രീമുകള്‍ ലഭ്യമാകുമെന്ന് റിലയന്‍സ് വ്യക്തമാക്കുന്നു. നിലവില്‍ പശ്ചിമേന്ത്യന്‍ വിപണികളില്‍ ലഭ്യമാക്കിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ വൈകാതെ രാജ്യമൊട്ടാകെ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അമുല്‍, വടി ലാല്‍, മദര്‍ ഡയറി, ക്വാളിറ്റി വാള്‍സ്, ഹാറ്റ്സണ്‍ അഗ്രോയുടെ അരുണ്‍ തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകള്‍ നിലവില്‍ ശക്തമായ സാന്നിധ്യമുള്ള വിപണിയിലേക്കാണ് റിലയന്‍സ് കടന്നുവരുന്നത്.

മികച്ച വിലക്കുറവ്, വ്യാപകമായ റീട്ടെയില്‍ ശൃംഖല, വിതരണ ശേഷി, ഉപഭോക്തൃ വിവരങ്ങള്‍ എന്നിവ സമര്‍ത്ഥമായി സംയോജിപ്പിക്കാന്‍ കഴിയുന്നതാണ് റിലയന്‍സിന്റെ പ്രധാന കരുത്ത് എന്ന് ടൈഗര്‍ കണ്‍സള്‍ട്ടിംഗ് സി.ഇ.ഒ എ. മണികണ്ഠന്‍ ചൂണ്ടിക്കാട്ടുന്നു.

10 രൂപ എന്ന കുറഞ്ഞ വില ഉപഭോക്താക്കളെ ഈ പുതിയ ബ്രാന്‍ഡ് പരീക്ഷിക്കാന്‍ പ്രേരിപ്പിക്കും. നിലവില്‍ ഓണ്‍ലൈന്‍ ഗ്രോസറി ആപ്പുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള അമുലിന്റെ മാമ്പഴ ഫ്ലേവര്‍ സ്റ്റിക്കും 20 രൂപയ്ക്കാണ് ലഭ്യമാകുന്നത്.

പുതിയ ഉപഭോക്താക്കളെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റാനും റീട്ടെയില്‍ കടകളില്‍ സ്വന്തം ഫ്രീസര്‍ ശൃംഖല വികസിപ്പിക്കാനും റിലയന്‍സിന് കഴിഞ്ഞാല്‍, അത് നിലവിലുള്ള ദേശീയ-പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് വലിയ വെല്ലുവിളിയാകും. കടകളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും കൂടുതല്‍ കാഴ്ച ലഭിക്കാനും ഐസ്‌ക്രീം ബ്രാന്‍ഡുകള്‍ സാധാരണയായി വ്യാപാരികള്‍ക്ക് ഫ്രീസറുകള്‍ നല്‍കാറുണ്ട്. കാമ്പ ബ്രാന്‍ഡിന്റെ പ്രചാരണാര്‍ത്ഥം റിലയന്‍സ് ഇതിനോടകം തന്നെ കടകളില്‍ സ്വന്തം ഫ്രിഡ്ജുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.

ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമായാണ് റിലയന്‍സിന്റെ ഈ നീക്കമെന്ന് ഡി.ആര്‍. ചൊക്സി ഫിന്‍സെര്‍വ് മാനേജിംഗ് ഡയറക്ടര്‍ ദേവന്‍ ചൊക്സി അഭിപ്രായപ്പെട്ടു. ഉല്‍പ്പന്ന നിര്‍മ്മാണവും വിതരണവും അടങ്ങുന്ന പൂര്‍ണ്ണമായ ഇക്കോസിസ്റ്റം സജ്ജമാകുന്നതോടെ, ഉപഭോക്താക്കള്‍ ദിനംപ്രതി വാങ്ങുന്ന വിവിധ ഉല്‍പ്പന്നങ്ങളിലൂടെ വിപണിയിലെ വന്‍ വിഹിതം സ്വന്തമാക്കാന്‍ റിലയന്‍സിന് സാധിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4