breaking news New

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായി മിഥുന്‍ കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു

കൊച്ചി : 2012 മുതല്‍ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മിഥുന്‍. നിലവിലെ ചെയര്‍പേഴ്‌സണും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് മിഥുന്‍ കെ ചിറ്റിലപ്പിള്ളിയെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍പേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടറായി തിരഞ്ഞെടുത്തത്.

2006ല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായാണ് മിഥുൻ വി-ഗാര്‍ഡിലെത്തുന്നത്. അദ്ദേഹം കമ്പനിയിലെത്തുമ്പോള്‍ ഏകദേശം 229 കോടി രൂപയായിരുന്ന വിറ്റുവരവ് 2026 സാമ്പത്തിക വര്‍ഷത്തില്‍ 24 മടങ്ങ് വര്‍ധിച്ച് 5,966 കോടി രൂപയായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദക്ഷിണേന്ത്യന്‍ ഇലക്ട്രിക്കല്‍ ബ്രാന്‍ഡില്‍നിന്ന് രാജ്യവ്യാപകമായി സാന്നിധ്യമുള്ള മികച്ച കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനിയായി വി-ഗാര്‍ഡിനെ വളര്‍ത്തുന്നതില്‍ മിഥുന്‍ നിര്‍ണായക പങ്കുവഹിച്ചു.

വി-ഗാര്‍ഡിന്റെ നിര്‍ണായക ഘട്ടത്തില്‍ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായുള്ള ചുമതല ഏറ്റെടുക്കുന്നത് അഭിമാനകരമാണെന്ന് മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പ്രാദേശിക ബ്രാന്‍ഡില്‍നിന്ന് രാജ്യവ്യാപകമായി വളരുന്ന സ്ഥാപനമായി വി-ഗാര്‍ഡിനെ മാറ്റിയ യാത്രയില്‍ ടീമിനൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞു. കമ്പനിയുടെ 50ആം വാര്‍ഷികത്തിലേക്ക് നീങ്ങുമ്പോള്‍ ശക്തമായ അടിത്തറയില്‍നിന്ന് അടുത്ത വളര്‍ച്ചാ ഘട്ടത്തിനായി സ്ഥാപനത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനി വിപുലീകരണം, ഉല്‍പ്പന്ന വൈവിധ്യവത്കരണം, ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. 2006ല്‍ 575 ജീവനക്കാരുണ്ടായിരുന്ന കമ്പനിയില്‍ 2026 ഓഗസ്റ്റില്‍ ജീവനക്കാരുടെ എണ്ണം 11350യിലേറെ ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 15 നിര്‍മാണ കേന്ദ്രങ്ങളും 20-ലേറെ ഉല്‍പ്പന്ന വിഭാഗങ്ങളും വി-ഗാര്‍ഡിനുണ്ട്. മിഥുന്റെ നേതൃത്വകാലയളവിൽ ബ്രാൻഡ്, ഉപഭോക്തൃ സേവനം, സപ്ലൈ ചെയിൻ, സെയിൽസ് & മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സസ്, ഫിനാൻസ് തുടങ്ങി കമ്പനിയുടെ വിവിധ വിഭാഗങ്ങളിലുടനീളം സമഗ്രമായ പരിവർത്തനം നടന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4