അമേരിക്കയിലെ സൗത്ത് കരോലിനയിൽ മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം.
മണ്ണിനടിയിൽ കുഴിച്ചിട്ട 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ 24 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി. സംഭവത്തിൽ കുഞ്ഞിന്റെ പിതാവായ മൈക്കിൾ കോമറെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
തൂവാലയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കാടിനുള്ളിൽ കുഴിച്ചിടുകയായിരുന്നുവെന്നാണ് ലെക്സിംഗ്ടൺ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചത്.
തിങ്കളാഴ്ച കുഞ്ഞിന്റെ മുത്തശ്ശി പുറത്തുപോയപ്പോൾ കുഞ്ഞിനെ പിതാവായ മൈക്കിളിന്റെ സംരക്ഷണത്തിലായിരുന്നു ഏൽപ്പിച്ചിരുന്നത്. പിന്നീട് കുട്ടിയെ നോക്കാനായി മറ്റൊരാൾ വീട്ടിലെത്തിയപ്പോഴാണ് പിതാവിനെയും കുഞ്ഞിനെയും കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ലഭിച്ച പരാതിയിൽ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
തിങ്കളാഴ്ച രാത്രിയോടെ ബേറ്റ്സ്ബർഗ്-ലീസ്വില്ലെ പ്രദേശത്തെ ഒരു വീടിന്റെ ഔട്ട്ഹൗസിൽ നിന്ന് മൈക്കിളിനെ പൊലീസ് പിടികൂടി. എന്നാൽ കുഞ്ഞ് ഇയാളുടെ കൂടെയുണ്ടായിരുന്നില്ല. കുഞ്ഞിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാനും ഇയാൾ തയ്യാറായില്ലെന്ന് പൊലീസ് വ്യക്തമാക്കി.
നൂറിലധികം രക്ഷാപ്രവർത്തകർ പങ്കെടുത്ത തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൈക്കിളിന്റെ പിതാവിന്റെ വീട്ടിൽനിന്ന് ഏകദേശം 45 മീറ്റർ അകലെയുള്ള കാട്ടിൽ മണ്ണ് ഇളകിക്കിടക്കുന്നത് രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു.
മണ്ണ് നീക്കി പരിശോധന നടത്തുന്നതിനിടെ ഉള്ളിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ രക്ഷാപ്രവർത്തകർ അതിവേഗം മണ്ണ് നീക്കി. തൂവാലയിൽ പൊതിഞ്ഞ നിലയിൽ ജീവനോടെയുണ്ടായിരുന്ന കുഞ്ഞിനെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യം മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് പിടിയിലായ മൈക്കിൾ കോമറിനെതിരെ പിന്നീട് വധശ്രമം, കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, കുട്ടിയോടുള്ള ക്രൂരത തുടങ്ങിയ ഗുരുതര കുറ്റങ്ങളും ചുമത്തി. 24 മണിക്കൂറോളം മണ്ണിനടിയിൽ കഴിഞ്ഞിട്ടും കുഞ്ഞ് ജീവനോടെ തിരിച്ചുകിട്ടിയത് രക്ഷാപ്രവർത്തകർക്ക് വലിയ ആശ്വാസമായി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മണ്ണിനടിയിൽ ജീവനോടെ കുഴിച്ചിട്ട 11 മാസം പ്രായമുള്ള കുഞ്ഞിന് അത്ഭുതരക്ഷ ; 24 മണിക്കൂറിന് ശേഷം കണ്ടെത്തിയത് കരച്ചിൽ കേട്ട് ! പിതാവ് അറസ്റ്റിൽ !
Advertisement
Advertisement
Advertisement