breaking news New

വ്യാജ ഡോക്ടർമാരുടെ വൻ ശൃംഖല തകർത്തു ; ഒരു മെഡിക്കൽ ബിരുദത്തിന് 5.5 ലക്ഷം രൂപ വരെ ! നാല് പേർ അറസ്റ്റിൽ

ജയ്പൂർ: ലക്ഷങ്ങൾ വാങ്ങി വ്യാജ മെഡിക്കൽ ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും നിർമിച്ചു നൽകിയിരുന്ന വൻ തട്ടിപ്പ് ശൃംഖലയെ രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി) തകർത്തു.

വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തു. എംബിബിഎസ്, എംഡി, ഗൈനക്കോളജി, ഡിഎംആർഡി തുടങ്ങിയ മെഡിക്കൽ യോഗ്യതകളുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ വിറ്റിരുന്നത്. ഒരു ബിരുദത്തിന് 5.5 ലക്ഷം രൂപ വരെ ഈടാക്കിയിരുന്നതായാണ് വിവരം.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള രാംകിഷോർ മഹാവർ വ്യാജ മെഡിക്കൽ ബിരുദങ്ങൾ ഉപയോഗിച്ച് ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ഡോക്ടറായി ജോലി ചെയ്തിരുന്നതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഇയാളുടെ അറസ്റ്റിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സത്യജിത് പാനിഗ്രാഹി, മനീഷ് മാഞ്ചി, ഖുറാം തൗഫീഖ് എന്നിവരും പിടിയിലായത്.

മുംബൈയിൽനിന്ന് അറസ്റ്റിലായ സത്യജിത് പാനിഗ്രാഹിക്കായിരുന്നു ഇടപാടുകാരെ കണ്ടെത്തുന്നതിന്റെയും വ്യാജ ബിരുദങ്ങൾ വിൽക്കുന്നതിന്റെയും ചുമതല. വ്യാജ മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും ഡിപ്ലോമകളും തയ്യാറാക്കിയത് മനീഷ് മാഞ്ചിയാണ്. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽനിന്ന് പിടിയിലായ ഖുറാം തൗഫീഖ് സർവകലാശാലകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വ്യാജ രേഖകൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു ചെയ്തിരുന്നത്.

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു തട്ടിപ്പ്. ആദ്യം സത്യജിത് ഇടപാടുകാരുമായി ബന്ധപ്പെട്ട് ആവശ്യമായ ബിരുദങ്ങൾ സംബന്ധിച്ച ധാരണയിലെത്തും. തുടർന്ന് മനീഷ് വ്യാജ മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും തയ്യാറാക്കി വാട്‌സ്ആപ്പ് വഴി കൈമാറും. അച്ചടിച്ച രേഖകൾ ഡിടിഡിസി കൊറിയർ വഴിയും അയച്ചുനൽകിയിരുന്നു.

തട്ടിപ്പിലെ ഏറ്റവും നിർണായകമായ നീക്കം സർവകലാശാലകളുടെ വെബ്‌സൈറ്റുകളിൽ വ്യാജ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതായിരുന്നു. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ രേഖകൾ പ്രത്യക്ഷപ്പെടുന്നതോടെ അവ യഥാർഥമാണെന്ന് വിശ്വസിപ്പിക്കാൻ സംഘത്തിന് കഴിഞ്ഞു. ഈ രേഖകൾ ഉപയോഗിച്ച് മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ നേടാനും കഴിഞ്ഞിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ഉത്തർപ്രദേശിൽ 41 വ്യാജ ആയുർവേദ ഡോക്ടർമാരും !!

ഇതിനിടെ, ഉത്തർപ്രദേശിൽ വ്യാജ വിദ്യാഭ്യാസ രേഖകൾ ഉപയോഗിച്ച് ചികിത്സ നടത്തിയിരുന്ന 41 ആയുർവേദ ഡോക്ടർമാരെയും അധികൃതർ കണ്ടെത്തി. ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി (ബിഎഎംഎസ്) ബിരുദവുമായി ബന്ധപ്പെട്ട വ്യാജ മാർക്ക് ഷീറ്റുകൾ, ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റുകൾ, ബിരുദ രേഖകൾ, നിരാക്ഷേപ പത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇവർ രജിസ്ട്രേഷൻ നേടിയതെന്നാണ് കണ്ടെത്തൽ.

കുരുക്ഷേത്രയിലെ ശ്രീകൃഷ്ണ ഗവൺമെന്റ് ആയുർവേദിക് മെഡിക്കൽ കോളേജ്, റോഹ്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാൽ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നിവയുടെ പേരിലാണ് വ്യാജ ബിഎഎംഎസ് രേഖകൾ തയ്യാറാക്കിയിരുന്നത്. ഹരിയാനയിലെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പേരിൽ വ്യാജ എൻഒസികളും നിർമിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.

ഇത്തരം രേഖകൾ ഉപയോഗിച്ച് ഔദ്യോഗിക രജിസ്ട്രേഷൻ നേടിയശേഷം ചികിത്സാരംഗത്ത് പ്രവർത്തിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. വ്യാജ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ചികിത്സ നടത്തുന്നവരെ കണ്ടെത്താനുള്ള പരിശോധനകൾ ഇതോടെ കൂടുതൽ ശക്തമാകുകയാണ്. പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4